---
title: "'നിറയെ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം, കാലുതെറ്റി വീണതാകാം: ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി"
english_title: "The postmortem proceedings of Palakkad native Sreenanda have begun."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352742/the-postmortem-proceedings-of-palakkad-native-sreenanda-have-begun"
published_at: "2026-04-10T22:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9260deaf00_DEAD.jpg"
keywords: []
---

# 'നിറയെ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം, കാലുതെറ്റി വീണതാകാം: ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി

> **Lead Summary:** **ചിക്കമഗളൂരു : ** കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽവച്ചാണു പോസ്റ്റുമോർട്ടം നടത്തുന്നത്.

## Article Content

**ചിക്കമഗളൂരു : ** കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽവച്ചാണു പോസ്റ്റുമോർട്ടം നടത്തുന്നത്.

ഇതിനായി രണ്ടു ഡോക്ടർമാരെ പ്രത്യേകം നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോയും ചിത്രീകരിക്കും. തുടർന്നു രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണു വിവരം. പെൺകുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതകളില്ലെന്നും കാലുതെറ്റി വീണതാകാനാണു സാധ്യതയെന്നും ചിക്കമഗളൂരു എസ്‍പി ജിതേന്ദ്ര കുമാർ ദയാമ  പറഞ്ഞു.

‘‘വളരെ പ്രശസ്തമായ വിനോദസഞ്ചാര സ്ഥലമാണിത്. 42 പേർക്കൊപ്പമാണ് കുട്ടിയെത്തിയത്. നൂറിലധികം പേരും ആ സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും ബോധപൂർവം എന്തെങ്കിലും കരുതിക്കൂട്ടി ചെയ്യാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു സാധ്യതകളില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരു’’ – എസ്‍പി പറഞ്ഞു.

കാണാതായ സ്ഥലത്തിന് അധികം ദൂരെയല്ലാതെയാണു മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം ശക്തമായ ബാരിക്കേഡുകൾ കൊണ്ട് സുരക്ഷിതമാണെന്നും ഇവിടേക്ക് വരാനും പോകാനും ഒരു വഴി മാത്രമാണുള്ളതെന്നും എസ്പി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352742/the-postmortem-proceedings-of-palakkad-native-sreenanda-have-begun)