---
title: "ഇസ്ലാമാബാദിൽ വിസ ഇളവുകൾ: യുഎസ്-ഇറാൻ ചർച്ചകൾക്കായി മാധ്യമപ്രവർത്തകർക്കും പച്ചക്കൊടി"
english_title: "Journalists also given green light for US-Iran talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352614/journalists-also-given-green-light-for-us-iran-talks"
published_at: "2026-04-10T12:36:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8a1ca75df3_77.jpg"
keywords: []
---

# ഇസ്ലാമാബാദിൽ വിസ ഇളവുകൾ: യുഎസ്-ഇറാൻ ചർച്ചകൾക്കായി മാധ്യമപ്രവർത്തകർക്കും പച്ചക്കൊടി

> **Lead Summary:** **ഇസ്ലാമാബാദ്: [**[ ]അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ് ഒരുങ്ങുമ്പോഴും, ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ നിലപാട് മാറ്റിയത് നയതന്ത്ര ലോകത്ത് ആശങ്ക പടർത്തുന്നു.

## Article Content

**ഇസ്ലാമാബാദ്: [**[ ]അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ് ഒരുങ്ങുമ്പോഴും, ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ നിലപാട് മാറ്റിയത് നയതന്ത്ര ലോകത്ത് ആശങ്ക പടർത്തുന്നു.

'ഇസ്ലാമാബാദ് ടോക്സ് 2026' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചർച്ചയിൽ പങ്കെടുക്കാൻ എത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും പാകിസ്താൻ സർക്കാർ വലിയ തോതിലുള്ള വിസ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവർക്ക് മുൻകൂട്ടി വിസ എടുക്കാതെ തന്നെ യാത്ര ചെയ്യാമെന്നും ഇസ്ലാമാബാദിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ നേരിട്ട് വിസ അനുവദിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിൽ ഉടനീളം പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ള പാകിസ്താൻ സർക്കാർ, നഗരത്തിലെ 'റെഡ് സോൺ' പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രതിനിധികൾക്കൊപ്പം എത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്.

കൂടാതെ, ഏപ്രിൽ ഒൻപത്, പത്ത് തീയതികളിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു. എന്നാൽ, ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രതിനിധികൾ ഇസ്ലാമാബാദിൽ എത്തിയെന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചത് തിരിച്ചടിയായിട്ടുണ്ട്.

ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കുന്നത് വരെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലവിലെ നിലപാട്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും നടത്തിയ നിരന്തരമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഇറാനും യുഎസും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങൾ ചർച്ചയുടെ ഭാവി സംശയത്തിലാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352614/journalists-also-given-green-light-for-us-iran-talks)