---
title: "കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം"
english_title: "Kannur Karivellur CPO hacked to death case Husband gets three life sentences"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352606/kannur-karivellur-cpo-hacked-to-death-case-husband-gets-three-life-sentences"
published_at: "2026-04-10T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d899d511d71_court.jpg"
keywords: []
---

# കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം

> **Lead Summary:** കണ്ണൂര്‍ : കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ. ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് രാജേഷിനെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം പിഴയും ചുമത്തി. 2024 ലാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കുടുംബ പ്രശ്നത്തെത്തുടർന്ന് മാറിത്താമസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ ഭർത്താവ് വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.

## Article Content

കണ്ണൂര്‍ : കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ. ദിവ്യശ്രീയെ ക്രൂരമായി വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് രാജേഷിനെ മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം പിഴയും ചുമത്തി. 2024 ലാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. കുടുംബ പ്രശ്നത്തെത്തുടർന്ന് മാറിത്താമസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ ഭർത്താവ് വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.

മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്നു ദിവ്യശ്രീ. സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറിൽനിന്നു പിടികൂടി. കൊലയ്ക്കു മുന്‍പുള്ള ദിവസം രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് കണ്ണൂർ കോടതി പരിഗണിച്ചിരുന്നു.

ദിവ്യശ്രീ പിതാവിനൊപ്പമായിരുന്നു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദിവ്യശ്രീയുടെ ശരീരമാസകലം വെട്ടേറ്റിരുന്നു. ചെവിയുടെ പിറകിലായി തലയിലേറ്റ വെട്ടാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. കൈക്കാണ് കൂടുതൽ വെട്ടേറ്റത്. ഇത് തടയാനുള്ള ശ്രമത്തിനിടെ ആയിരിക്കാമെന്ന് കരുതുന്നു. മൂക്കിലും വെട്ടുകളുണ്ട്. കൊലയ്ക്കുപയോഗിച്ച വാൾ പുഴയിൽനിന്ന് കണ്ടെത്തി. ഇതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ചു സ്ഥലംവിട്ടിരുന്നു. രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വീടിന്റെ പ്രതീക്ഷയും വിദ്യാർഥിയായ ഏക മകന്റെ ആശ്രയവുമായിരുന്നു ദിവ്യശ്രീ. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് പൊലീസ് ജോലി നേടിയത്. പലപ്പോഴും ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളം വച്ച് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ഭർതൃപീഡനം ദിവ്യശ്രീ തുറന്നുപറഞ്ഞതിന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നത്തെത്തുടർന്ന് രാജേഷുമായി അകന്ന ദിവ്യശ്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. പിതാവ് കെ.വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. കണ്ണൂരിൽ നടന്ന കൗൺസലിങ്ങിൽ ദിവ്യശ്രീ പീഡന വിവരങ്ങളും 7 ലക്ഷത്തോളം രൂപ രാജേഷ് ധൂർത്തടിച്ചതും തുറന്നുപറഞ്ഞു.

നേരത്തേ പെയ്ന്റിങ്, ഡ്രൈവർ ജോലികൾ ചെയ്ത രാജേഷ് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. ദിവ്യശ്രീയാണ് രാജേഷിന്റെ ആവശ്യങ്ങൾക്കു പണം നൽകിയിരുന്നത്. ടാക്സിയും ബൈക്കും വാങ്ങിനൽകിയതും ഭാര്യവീട്ടുകാരാണ്. ദിവ്യശ്രീ പണം നൽകാതെവരുമ്പോൾ രാജേഷ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കുറച്ചുകാലം മുൻപ് സ്വത്ത് സംബന്ധമായ പ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീയുടെ സഹോദരിയുടെ കാലിൽ രാജേഷ് ബൈക്ക് കയറ്റി. ദിവ്യശ്രീ വിവാഹമോചനം നേടിയാൽ തന്റെ വരുമാനം നിലയ്ക്കുമെന്ന അശങ്കയും പ്രതിക്ക് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352606/kannur-karivellur-cpo-hacked-to-death-case-husband-gets-three-life-sentences)