---
title: "ശ്രീനന്ദ കാണാമറയത്ത്.....! തട്ടിക്കൊണ്ടുപോകൽ സംശയിച്ച് മാതാപിതാക്കൾ, 15കാരിക്കായുള്ള തെരച്ചിൽ ഇന്നും തുടരും, അന്വേഷണം മറ്റുതലങ്ങളിലേക്കും"
english_title: "The search for the missing 15 year old girl in Chikkamagaluru will continue today and the investigation will reach other levels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352546/the-search-for-the-missing-15-year-old-girl-in-chikkamagaluru-will-continue-today-and-the-investigation-will-reach-other-levels"
published_at: "2026-04-10T07:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8608169cdb_missing_case.jpg"
keywords: []
---

# ശ്രീനന്ദ കാണാമറയത്ത്.....! തട്ടിക്കൊണ്ടുപോകൽ സംശയിച്ച് മാതാപിതാക്കൾ, 15കാരിക്കായുള്ള തെരച്ചിൽ ഇന്നും തുടരും, അന്വേഷണം മറ്റുതലങ്ങളിലേക്കും

> **Lead Summary:** ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും.

## Article Content

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും.

കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ ചിക്കമഗളുരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.

ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല. ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.

 മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ടെന്നും അവളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നും അമ്മ രേണുക കണ്ണീരോടെ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352546/the-search-for-the-missing-15-year-old-girl-in-chikkamagaluru-will-continue-today-and-the-investigation-will-reach-other-levels)