---
title: "തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു"
english_title: "Woman stopped at polling booth in Thrissur Child Rights Commission registers case against presiding officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352533/woman-stopped-at-polling-booth-in-thrissur-child-rights-commission-registers-case-against-presiding-officer"
published_at: "2026-04-09T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7d58b03c10_akshaya.jpg"
keywords: []
---

# തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

> **Lead Summary:** തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ നടപടി. പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. യുവതിയോടൊപ്പം പോളിങ് സ്റ്റേഷനിൽ കുഞ്ഞിനും മണിക്കൂറുകളോളം ഇരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്.

## Article Content

തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ നടപടി. പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. യുവതിയോടൊപ്പം പോളിങ് സ്റ്റേഷനിൽ കുഞ്ഞിനും മണിക്കൂറുകളോളം ഇരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്.

ഉച്ചയ്ക്ക് ഒന്നര മുതൽ കുഞ്ഞും അമ്മയോടൊപ്പം പോളിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടും. ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയതിനാൽ അക്ഷയയുടെ വിരല്‍ കെട്ടിവെച്ചിരിക്കുന്ന നിലയിലായിരുന്നു. കൈയിൽ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു.

മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. ആറ് മണിക്കാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. എനിക്കുള്ള അനുഭവം ആര്‍ക്കും ഉണ്ടാവരുത്. മുറിവ് കാണണമെന്ന വാശിയിലായിരുന്നു അവര്‍.

വിരലില്ലാത്തവര്‍ക്ക് മാത്രമേ മറ്റേ വിരല്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു നിലപാട്. ഇത്രയും ഫൈറ്റ് ചെയ്ത് വോട്ട് ചെയ്തപ്പോള്‍ അഭിമാനം തോന്നുന്നു. സന്തോഷം തോന്നുന്നു – അക്ഷയ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.പിന്നീട് വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352533/woman-stopped-at-polling-booth-in-thrissur-child-rights-commission-registers-case-against-presiding-officer)