---
title: "ഇസ്‌ലാമാബാദിൽ നയതന്ത്ര യുദ്ധം: അമേരിക്ക-ഇറാൻ ചർച്ചകൾക്കായി പാക് തലസ്ഥാനത്ത് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ"
english_title: "Lockdown-like restrictions in Pakistan capital for US-Iran talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352476/lockdown-like-restrictions-in-pakistan-capital-for-us-iran-talks"
published_at: "2026-04-09T15:20:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d776fd94c07_17.jpg"
keywords: []
---

# ഇസ്‌ലാമാബാദിൽ നയതന്ത്ര യുദ്ധം: അമേരിക്ക-ഇറാൻ ചർച്ചകൾക്കായി പാക് തലസ്ഥാനത്ത് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

> **Lead Summary:** **ഇസ്‌ലാമബാദ്: [ **ഇസ്‌ലാമാബാദിൽ നിർണ്ണായകമായ നയതന്ത്ര നീക്കങ്ങൾക്ക് വേദിയൊരുങ്ങുന്ന സാഹചര്യത്തിൽ പാക് തലസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളും രണ്ട് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

## Article Content

**ഇസ്‌ലാമബാദ്: [ **ഇസ്‌ലാമാബാദിൽ നിർണ്ണായകമായ നയതന്ത്ര നീക്കങ്ങൾക്ക് വേദിയൊരുങ്ങുന്ന സാഹചര്യത്തിൽ പാക് തലസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളും രണ്ട് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.

ഇറാൻ-അമേരിക്കൻ പ്രതിനിധികൾ തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായാണ് ഏപ്രിൽ 9, 10 തീയതികളിൽ ഇസ്‌ലാമാബാദിൽ പ്രാദേശിക അവധി നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾക്കും അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുപ്പതംഗ യുഎസ് സംഘം നേരത്തെ തന്നെ ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. ലെബനൻ, ഇസ്രായേൽ സംഘർഷങ്ങൾക്കിടയിൽ താളംതെറ്റിയ വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെള്ളി, ശനി ദിവസങ്ങളിൽ നേരിട്ടുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നത്.

സുരക്ഷാ കാരണങ്ങളാൽ അവധി വിജ്ഞാപനത്തിൽ പ്രത്യേക കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, നയതന്ത്ര പ്രതിനിധികളുടെ സുഗമമായ യാത്രയും സുരക്ഷയും മുൻനിർത്തി നഗരത്തിലെ പ്രധാന മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ചർച്ചകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ ചർച്ചകൾ വിജയിച്ചാൽ മേഖലയിലെ സംഘർഷങ്ങൾക്ക് വലിയൊരളവ് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352476/lockdown-like-restrictions-in-pakistan-capital-for-us-iran-talks)