---
title: "പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി"
english_title: "KSRTC fails to take action in the incident where a couple was dropped off on the road at night"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352467/ksrtc-fails-to-take-action-in-the-incident-where-a-couple-was-dropped-off-on-the-road-at-night"
published_at: "2026-04-09T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d770513c267_KSRTC_fails_to_take_action_in_the_incident_where_a_couple_was_dropped_off_on_the_road_at_night.jpg"
keywords: []
---

# പരാതി നൽകിയിട്ടും മൗനം; ദമ്പതികളെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി എടുക്കാതെ കെഎസ്ആർടിസി

> **Lead Summary:** **കൊച്ചി: [**കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ദമ്പതികളെ പുലർച്ചെ ഡിപ്പോയിൽ എത്തിക്കാതെ എംസി റോഡിൽ ഇറക്കിവിട്ടതായി പരാതി. കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലെ ജീവനക്കാർക്കെതിരെയാണ് ആക്ഷേപം ഉയർന്നത്. ഇന്നലെ പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം.

## Article Content

**കൊച്ചി: [**കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ദമ്പതികളെ പുലർച്ചെ ഡിപ്പോയിൽ എത്തിക്കാതെ എംസി റോഡിൽ ഇറക്കിവിട്ടതായി പരാതി. കാട്ടാക്കട ഡിപ്പോയിലെ എടികെ 104 നമ്പർ ബസിലെ ജീവനക്കാർക്കെതിരെയാണ് ആക്ഷേപം ഉയർന്നത്. ഇന്നലെ പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് മടങ്ങി വരികയായിരുന്ന മുത്തോലപുരം സ്വദേശികളായ ദമ്പതികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കൂത്താട്ടുകുളം ഡിപ്പോയിൽ ഇറങ്ങേണ്ട ഇവരെ ഡിപ്പോയിലേക്ക് പ്രവേശിക്കാതെ ബൈപാസ് ജങ്ഷനിൽ ഇറക്കിവിടുകയായിരുന്നു. ഡിപ്പോയ്ക്ക് സമീപം ബൈക്ക് പാർക്ക് ചെയ്തിരുന്നതിനാൽ അവിടെ ഇറക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.

ബൈപാസിൽ നിന്ന് ഡിപ്പോയിലേക്ക് അര കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. വിജനമായ റോഡരികിൽ ഭാര്യയെ നിർത്തിയ ശേഷം യുവാവ് ഡിപ്പോയിലേക്ക് നടന്നുപോയി വാഹനം എടുത്തുകൊണ്ടുവന്നാണ് വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകാനാണ് ദമ്പതികളുടെ തീരുമാനം.

ഡിപ്പോയിൽ എത്താൻ വൈകിയതിനാലാണ് ബസ് കയറാതിരുന്നതെന്ന് കണ്ടക്ടർ വിശദീകരിച്ചു. ഡിപ്പോയിൽ കയറാതെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. രാത്രി മിന്നൽ സർവീസുകൾ ഒഴികെയുള്ള എല്ലാ ബസുകളും കൂത്താട്ടുകുളം ഡിപ്പോയിൽ കയറണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും ജീവനക്കാരുടെ ഇത്തരം നടപടികൾക്കെതിരെ വിമർശനം ശക്തമാകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352467/ksrtc-fails-to-take-action-in-the-incident-where-a-couple-was-dropped-off-on-the-road-at-night)