---
title: "ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിൽ; വനമേഖലയും കൊക്കകളും അരിച്ചുപെറുക്കി പ്രത്യേക സംഘം"
english_title: "Sreenanda has been missing for 3 days now."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352453/sreenanda-has-been-missing-for-3-days-now"
published_at: "2026-04-09T14:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d76748ef3be_12.jpg"
keywords: []
---

# ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിൽ; വനമേഖലയും കൊക്കകളും അരിച്ചുപെറുക്കി പ്രത്യേക സംഘം

> **Lead Summary:** **പാലക്കാട്: [ **കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും അതീവ സങ്കീർണ്ണമായി തുടരുന്നു. കടമ്പഴിപ്പുറത്തുനിന്ന് മാതാപിതാക്കളടക്കമുള്ള നാൽപ്പതംഗ സംഘത്തിനൊപ്പം വിനോദസഞ്ചാരത്തിന് എത്തിയ പതിനാലുകാരിയെ ചൊവ്വാഴ്ച വൈകിട്ടാണ് ബാബാ ബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്.

## Article Content

**പാലക്കാട്: [ **കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും അതീവ സങ്കീർണ്ണമായി തുടരുന്നു. കടമ്പഴിപ്പുറത്തുനിന്ന് മാതാപിതാക്കളടക്കമുള്ള നാൽപ്പതംഗ സംഘത്തിനൊപ്പം വിനോദസഞ്ചാരത്തിന് എത്തിയ പതിനാലുകാരിയെ ചൊവ്വാഴ്ച വൈകിട്ടാണ് ബാബാ ബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്.

ചെങ്കുത്തായ ഇറക്കങ്ങളും അപകടം പിടിച്ച പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ നൂറോളം പേരടങ്ങുന്ന വിപുലമായ സംഘമാണ് നിലവിൽ തിരച്ചിലിനായി രംഗത്തുള്ളത്. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

പ്രദേശം ദുർഘടമായതിനാൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആധുനിക പരിശോധനാ രീതികളും അധികൃതർ അവലംബിക്കുന്നുണ്ട്. കൊക്കകളിലും വനമേഖലകളിലും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

സംഭവത്തിൽ കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നേരിട്ട് ഇടപെടുകയും ജില്ലാ ഭരണകൂടത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കാണാതായ സമയത്ത് പ്രദേശത്തുണ്ടായിരുന്ന സഞ്ചാരികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

വെള്ളച്ചാട്ടത്തിന് സമീപത്തെ കാടുകളിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ടാസ്ക് ഫോഴ്സിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352453/sreenanda-has-been-missing-for-3-days-now)