---
title: "'ഡാഷ് മോന്‍ = പൊന്നുമോന്‍, മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല'; ന്യായീകരിച്ച് ഇപി ജയരാജന്‍"
english_title: "ep jayarajan comment on pinarayi vijayan dash mone remark against revanth reddy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352303/ep-jayarajan-comment-on-pinarayi-vijayan-dash-mone-remark-against-revanth-reddy"
published_at: "2026-04-08T17:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d646f22caf6_ep_jayarajan.jpg"
keywords: []
---

# 'ഡാഷ് മോന്‍ = പൊന്നുമോന്‍, മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ല'; ന്യായീകരിച്ച് ഇപി ജയരാജന്‍

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്നാകാം ഉദ്ദേശിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്.

രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും ജയരാജൻ പറഞ്ഞു. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാൻ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ഇന്നലെ കണ്ണൂരിൽ മീറ്റ് ദ ലീഡർ പരിപാടിക്കിടെയാണ് പിണറായി വിജയൻ ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട് എന്ന് പറഞ്ഞത്. നേമത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനു മറുപടിയായായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

അതേസമയം, ഡാഷ് മോൻ പ്രയോഗം മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. പ്രയോഗം വെറും ചീപ്പാണ്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് പി.ആർ.കാരുടെ സഹായം തേടാമായിരുന്നെന്നും ഡാഷ് ഇടാതെ അടിക്കാവുന്ന വേറെ ഡയലോഗ് കിട്ടുമായിരുന്നെന്നും മുരളീധരന്‍ പരിഹസിച്ചു. സ്വർണക്കൊള്ള ഉൾപ്പെടെ കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും മുരളീധരന്‍ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു സിനിമാ ഡയലോഗാണ് പറഞ്ഞതെന്നും എന്നാൽ പിണറായി വിജയൻ മറുപടി നൽകിയത് ആ പദവിക്ക് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാഷ് മോനേ രേവന്താ പ്രയോഗത്തിന് ശേഷം ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ വ്യക്തി അധിക്ഷേപങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352303/ep-jayarajan-comment-on-pinarayi-vijayan-dash-mone-remark-against-revanth-reddy)