---
title: "'വോട്ട് ചെയ്യാനോ വണ്ടി ഓടിക്കാനോ പ്രായമായില്ല, പക്ഷേ ബുംറയെ നീ അടിച്ചു'; വൈഭവിനെ പ്രശംസിച്ച് അശ്വിൻ"
english_title: "Ashwin praises Vaibhav"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352290/ashwin-praises-vaibhav"
published_at: "2026-04-08T16:44:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6391760b53_21.jpg"
keywords: []
---

# 'വോട്ട് ചെയ്യാനോ വണ്ടി ഓടിക്കാനോ പ്രായമായില്ല, പക്ഷേ ബുംറയെ നീ അടിച്ചു'; വൈഭവിനെ പ്രശംസിച്ച് അശ്വിൻ

> **Lead Summary:** **ഗുവാഹത്തി: [ **ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് നടത്തിയ അശ്വമേധത്തിന് പിന്നാലെ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി രവിചന്ദ്രൻ അശ്വിൻ.

## Article Content

**ഗുവാഹത്തി: [ **ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് നടത്തിയ അശ്വമേധത്തിന് പിന്നാലെ, കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി രവിചന്ദ്രൻ അശ്വിൻ.

ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ജസ്പ്രീത് ബുംറയെ യാതൊരു ഭയവുമില്ലാതെ നേരിട്ട വൈഭവിന്റെ ബാറ്റിംഗ് തന്നെ അമ്പരപ്പിച്ചു എന്ന് അശ്വിൻ പറഞ്ഞു. ഗുവാഹത്തിയിൽ മഴ തടസ്സപ്പെടുത്തിയ ആവേശപ്പോരാട്ടത്തിൽ മുംബൈയെ 27 റൺസിന് തകർത്താണ് രാജസ്ഥാൻ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്.

ബുംറയെപ്പോലൊരു ബൗളർ റണ്ണപ്പ് തുടങ്ങുമ്പോൾ ലോകോത്തര ബാറ്റർമാർ പോലും പതറാറുണ്ടെന്നും എന്നാൽ ആദ്യ പന്തിൽ തന്നെ സിക്സർ പറത്താൻ വൈഭവ് കാണിച്ച ധൈര്യം സമാനതകളില്ലാത്തതാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

> "വോട്ട് ചെയ്യാനോ വണ്ടി ഓടിക്കാനോ പ്രായമാകാത്ത ഒരു പയ്യൻ ഇന്ത്യയുടെ അഭിമാനമായ ബൗളറെ സിക്സറുകൾക്ക് ശിക്ഷിക്കുന്നത് കാണാൻ അതിശയമുണ്ട്. സഞ്ജു സാംസണെപ്പോലെ തന്നെ വൈഭവിനും മികച്ചൊരു കരിയർ ഉണ്ടാകട്ടെ" എന്ന് അശ്വിൻ ആശംസിച്ചു.

മത്സരത്തിൽ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ ബാറ്റിംഗാണ് (32 പന്തിൽ 77*) രാജസ്ഥാന് 150 എന്ന വമ്പൻ സ്കോർ സമ്മാനിച്ചത്. ബുംറയെ ലക്ഷ്യമിട്ട് അഞ്ച് സിക്സറുകളടക്കം 14 പന്തിൽ 39 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനം വിജയത്തിൽ നിർണ്ണായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള മുൻനിരയെ വേഗത്തിൽ നഷ്ടമായത് തിരിച്ചടിയായി. നാൻഡ്രെ ബർഗറും ജോഫ്ര ആർച്ചറും നയിച്ച രാജസ്ഥാൻ ബൗളിംഗ് നിര മുംബൈയെ 123 റൺസിൽ ഒതുക്കി.

ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ രാജസ്ഥാൻ റോയൽസിന് മറ്റൊരു നേട്ടം കൂടി ലഭിച്ചു; ഡൽഹിയുടെ സമീർ റിസ്‌വിയെ മറികടന്ന് യശസ്വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352290/ashwin-praises-vaibhav)