---
title: "കാലിഫോർണിയയിലെ പേപ്പർ ഉൽപ്പന്ന വിതരണ കേന്ദ്രത്തിൽ വൻ തീപിടിത്തം: ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Massive fire breaks out at paper products distribution center in California"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352275/massive-fire-breaks-out-at-paper-products-distribution-center-in-california"
published_at: "2026-04-08T16:03:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d62f328e79f_Massive_fire_breaks_out_at_paper_products_distribution_center_in_California.jpg"
keywords: []
---

# കാലിഫോർണിയയിലെ പേപ്പർ ഉൽപ്പന്ന വിതരണ കേന്ദ്രത്തിൽ വൻ തീപിടിത്തം: ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** ഒന്റാറിയോ: കാലിഫോർണിയയിലെ ഒന്റാറിയോയിലുള്ള പ്രമുഖ പേപ്പർ ഉൽപ്പന്ന വിതരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ വെയർഹൗസ് ജീവനക്കാരനെന്ന് കണ്ടെത്തൽ. സംഭവത്തിൽ 29 കാരനായ ഷമീൽ അബ്ദുൾകരീമിനെ ഒന്റാറിയോ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

## Article Content

ഒന്റാറിയോ: കാലിഫോർണിയയിലെ ഒന്റാറിയോയിലുള്ള പ്രമുഖ പേപ്പർ ഉൽപ്പന്ന വിതരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ വെയർഹൗസ് ജീവനക്കാരനെന്ന് കണ്ടെത്തൽ. സംഭവത്തിൽ 29 കാരനായ ഷമീൽ അബ്ദുൾകരീമിനെ ഒന്റാറിയോ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ചൊവ്വാഴ്ച പുലർച്ചെ 12:36ഓടെയാണ് 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസിൽ തീപിടിത്തമുണ്ടായത്. അതീവ വേഗത്തിൽ തീ പടർന്നതോടെ വെയർഹൗസിനുള്ളിൽ കടന്ന് രക്ഷാപ്രവർത്തനം നടത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് സാധിച്ചില്ല. തീപിടിത്തത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു. ആറാം നില വരെ ഉയരത്തിൽ ആളിപ്പടർന്ന തീ അണക്കാൻ 175ഓളം അഗ്നിശമന സേനാംഗങ്ങളാണ് രംഗത്തിറങ്ങിയത്. 20 എഞ്ചിൻ കമ്പനികൾ ഉൾപ്പെടെ ഒരു ഡസനിലധികം ഏജൻസികൾ സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്.

തീപിടിത്തം ഉണ്ടായ സമയത്ത് 20 ജീവനക്കാർ വെയർഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ ഒഴിപ്പിച്ചു. എന്നാൽ രക്ഷപ്പെടുത്തിയവരിൽ ഒരാളെ കാണാനില്ലെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹൈലാൻഡ് സ്വദേശിയായ ഷമീൽ അബ്ദുൾകരീമിനെ പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് തീയിട്ടതെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352275/massive-fire-breaks-out-at-paper-products-distribution-center-in-california)