---
title: "മനുഷ്യത്വം മരവിച്ച ആ രാത്രി; രക്തം പുരണ്ട തറ ഇരകളെക്കൊണ്ട് തുടപ്പിച്ചു, സാത്താൻകുളത്തെ ക്രൂരതകൾ പുറത്ത്"
english_title: "The atrocities in Satankulam are exposed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352243/the-atrocities-in-satankulam-are-exposed"
published_at: "2026-04-08T14:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d61a0051fba_14.jpg"
keywords: []
---

# മനുഷ്യത്വം മരവിച്ച ആ രാത്രി; രക്തം പുരണ്ട തറ ഇരകളെക്കൊണ്ട് തുടപ്പിച്ചു, സാത്താൻകുളത്തെ ക്രൂരതകൾ പുറത്ത്

> **Lead Summary:** **ചെന്നൈ:[ **രാജ്യത്തെ നടുക്കിയ സാത്താൻകുളം ലോക്കപ്പ് കൊലപാതകക്കേസിൽ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ ലഭിക്കുമ്പോൾ, നീതിയുടെ വഴിയിൽ വെളിച്ചമായത് ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ സമാനതകളില്ലാത്ത ധീരതയാണ്.

## Article Content

**ചെന്നൈ:[ **രാജ്യത്തെ നടുക്കിയ സാത്താൻകുളം ലോക്കപ്പ് കൊലപാതകക്കേസിൽ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ ലഭിക്കുമ്പോൾ, നീതിയുടെ വഴിയിൽ വെളിച്ചമായത് ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ സമാനതകളില്ലാത്ത ധീരതയാണ്.

അച്ഛനും മകനുമായ ജയരാജും ബെന്നിക്സും പോലീസ് കസ്റ്റഡിയിൽ നേരിട്ട അങ്ങേയറ്റം ക്രൂരമായ പീഡനങ്ങൾക്ക് രേവതി ഏക ദൃക്‌സാക്ഷിയായിരുന്നു. സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്തായിരുന്നിട്ടും, തന്റെ ജോലിയും കുടുംബത്തിന്റെ സുരക്ഷയും പണയപ്പെടുത്തി സത്യം വിളിച്ചുപറയാൻ അവർ തയ്യാറായതാണ് കേസിൽ നിർണ്ണായകമായത്.

ഇരകളെ നഗ്നരാക്കി മർദിച്ചതും രക്തത്തിൽ കുളിച്ച നിലയിലായിരുന്ന അവരെക്കൊണ്ട് തന്നെ തറ തുടപ്പിച്ചതും ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് രേവതി മജിസ്‌ട്രേറ്റിന് മുന്നിൽ വെളിപ്പെടുത്തിയത്.

മൊഴി നൽകുന്ന വേളയിൽ കടുത്ത ഭീഷണികളും സമ്മർദ്ദങ്ങളും രേവതിക്ക് നേരിടേണ്ടി വന്നിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥർ ഇരകളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാവാതെ തനിക്ക് മുറിയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നുവെന്ന് അവർ വേദനയോടെ വിവരിച്ചു.

മർദ്ദനത്തിനിടയിൽ അവശനായ ജയരാജിന് കുടിക്കാൻ കോഫി നൽകാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർ അത് തട്ടിത്തെറിപ്പിച്ച കാര്യവും അവർ കോടതിയെ ബോധിപ്പിച്ചു. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്ന സമയത്ത് പുറത്തുനിന്ന് സഹപ്രവർത്തകർ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രേവതി പിന്മാറിയില്ല.

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ അവർക്കും കുടുംബത്തിനും പ്രത്യേക സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മൊഴി നൽകിയത്. ഒരു സാധാരണ ഉദ്യോഗസ്ഥയുടെ ഈ നിശ്ചയദാർഢ്യമാണ് വർഷങ്ങൾക്കിപ്പുറം കൊലയാളികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352243/the-atrocities-in-satankulam-are-exposed)