---
title: "'ചതി ചതി തന്നെ, കെ സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ആസൂത്രിതമായ ഗൂഢാലോചന നടത്തി'; പേരാവൂരില്‍ തിരിച്ചടിക്കുമെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍"
english_title: "kr abdul khader says congress will defeat sunny joseph in peravoor for cheating k sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352198/kr-abdul-khader-says-congress-will-defeat-sunny-joseph-in-peravoor-for-cheating-k-sudhakaran"
published_at: "2026-04-08T11:35:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5f0ab7cd85_abdul_khadhar.jpg"
keywords: []
---

# 'ചതി ചതി തന്നെ, കെ സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ആസൂത്രിതമായ ഗൂഢാലോചന നടത്തി'; പേരാവൂരില്‍ തിരിച്ചടിക്കുമെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍ ഖാദര്‍ രംഗത്തെത്തി. കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍ ഖാദര്‍ രംഗത്തെത്തി. കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

ഇതിന് പ്രതികാരം ചെയ്യും. സണ്ണി ജോസഫ് പിന്നില്‍ നിന്ന് കളിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി കെ സുധാകരനെ നാണം കെടുത്തിയെന്നും അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി.

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ നിലപാടെടുത്തതാണ്. സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത് സണ്ണി ജോസഫാണ്. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള സണ്ണി ജോസഫിന്റെ പദ്ധതിയായിരുന്നു അതിന് പിന്നിലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കെ സുധാകരനെ വിശ്വസിച്ചാണ് കണ്ണൂരിലെ മുസ്‌ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നത്. സണ്ണി ജോസഫ് മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കി. കേസില്‍ കുടുക്കാനും രക്തസാക്ഷിയാക്കാനും പണവും വോട്ടും വാങ്ങാനും മാത്രമാണ് സണ്ണി ജോസഫ് തയ്യാറായതെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

കെപിസിസി കത്ത് ഒറിജിനലാണ്. സുധാകരനെ ഒതുക്കാനും നശിപ്പിക്കാനുമാണ് സണ്ണി ജോസഫ് കത്ത് നല്‍കിയത്. കത്ത് വ്യാജമാണെങ്കില്‍ സണ്ണി ജോസഫ് തെളിയിക്കണം. കത്തുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഏത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതെന്നും അബ്ദുല്‍ ഖാദര്‍ ചോദിച്ചു. സുധാകരനെ ഒതുക്കിയിട്ടുള്ള രാഷ്ട്രീയം കണ്ണൂരില്‍ നടത്താന്‍ അനുവദിക്കില്ല.

സുധാകരന്റെ കണ്ണീര്‍ തങ്ങള്‍ കണ്ടു. പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ തിരിച്ചടിക്കും. ചതി ചതി തന്നെയാണെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വി പി അബ്ദുല്‍ റഷീദിനെ ധര്‍മ്മടത്തേക്ക് മാറ്റിയതും ഗൂഢാലോചനയുണ്ട്. കാപ്പാട് രമേശന്റെ കുടുംബത്തിന് വീട് നല്‍കുന്ന സമയത്ത് പോലും സണ്ണി ജോസഫ് വിട്ടുനിന്നുവെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352198/kr-abdul-khader-says-congress-will-defeat-sunny-joseph-in-peravoor-for-cheating-k-sudhakaran)