---
title: "ചക്കക്കാലത്തെ മധുരം കുപ്പിയിലാക്കാം: നാടൻ ചക്ക വരട്ടിയത്"
english_title: "Let's bottle the sweetness of jackfruit season: Dried local jackfruit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352060/lets-bottle-the-sweetness-of-jackfruit-season-dried-local-jackfruit"
published_at: "2026-04-07T14:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4cd57ea1b4_TFYUGHIJ.jpg"
keywords: []
---

# ചക്കക്കാലത്തെ മധുരം കുപ്പിയിലാക്കാം: നാടൻ ചക്ക വരട്ടിയത്

> **Lead Summary:** **[**മലയാളിയുടെ വേനൽക്കാല ഓർമ്മകളിൽ ചക്കപ്പഴത്തിന്റെ മധുരത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. ആ ചക്കക്കാലത്തെ രുചി വർഷം മുഴുവൻ സൂക്ഷിച്ചുവെക്കാൻ നമ്മുടെ കാരണവന്മാർ കണ്ടെത്തിയ വിദ്യയാണ് 'ചക്ക വരട്ടിയത്'. നന്നായി പഴുത്ത ചക്കച്ചുളകൾ നെയ്യും ശർക്കരയും ചേർത്ത് മണിക്കുറുകളോളം ഉരുളിയിലിട്ട് കൈവിടാതെ ഇളക്കി തയ്യാറാക്കുന്ന ഈ വിഭവം വെറുമൊരു വിഭവം മാത്രമല്ല, ഒരു വികാരമാണ്.

## Article Content

**[**മലയാളിയുടെ വേനൽക്കാല ഓർമ്മകളിൽ ചക്കപ്പഴത്തിന്റെ മധുരത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. ആ ചക്കക്കാലത്തെ രുചി വർഷം മുഴുവൻ സൂക്ഷിച്ചുവെക്കാൻ നമ്മുടെ കാരണവന്മാർ കണ്ടെത്തിയ വിദ്യയാണ് 'ചക്ക വരട്ടിയത്'. നന്നായി പഴുത്ത ചക്കച്ചുളകൾ നെയ്യും ശർക്കരയും ചേർത്ത് മണിക്കുറുകളോളം ഉരുളിയിലിട്ട് കൈവിടാതെ ഇളക്കി തയ്യാറാക്കുന്ന ഈ വിഭവം വെറുമൊരു വിഭവം മാത്രമല്ല, ഒരു വികാരമാണ്.

നല്ല കടും ചുവപ്പ് നിറത്തിൽ, നെയ്യിന്റെ മണവും ഏലക്കായുടെ സുഗന്ധവും കലർന്ന ചക്ക വരട്ടിയത് കൂട്ടി ഒരു പായസം കുടിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. കൃത്രിമ ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കുന്ന ഈ വിഭവം മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാം.

**ആവശ്യമുള്ള ചേരുവകൾ:**

ചക്കച്ചുള: 1 കിലോ (നന്നായി പഴുത്തത്)

ശർക്കര: 750 ഗ്രാം - 1 കിലോ (മധുരത്തിനനുസരിച്ച്)

നെയ്യ്: ½ കപ്പ്

ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ

ചുക്കുപൊടി: ½ ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം:**

ചക്കച്ചുളയിലെ കുരു കളഞ്ഞ്, അവിയിൽ വെച്ചോ അല്ലെങ്കിൽ മിക്സിയിൽ ഇട്ട് തരുതരുപ്പായോ അരച്ചെടുക്കുക. ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു ഉരുളിയിലോ കട്ടിയുള്ള പാത്രത്തിലോ അരച്ചു വെച്ച ചക്ക ചേർത്ത് നന്നായി വഴറ്റുക. ചക്കയുടെ പച്ചമണം മാറി നിറം മാറുന്നത് വരെ ഇത് തുടരുക. ഇതിലേക്ക് അരിച്ചുവെച്ച ശർക്കര പാനി ഒഴിച്ച് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ വെച്ച് ഇളക്കി കൊണ്ടേയിരിക്കുക, അല്ലാത്തപക്ഷം അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്.

 മിശ്രിതം കുറുകി തുടങ്ങുമ്പോൾ അല്പം നെയ്യ് ചേർത്ത് ഇളക്കുക. കുറച്ചുകൂടെ കുറുകുമ്പോൾ ബാക്കിയുള്ള നെയ്യ് കൂടെ ചേർക്കുക.  മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടു വരാൻ തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

നന്നായി കുറുകി, തിളങ്ങുന്ന പരുവത്തിൽ ആകുമ്പോൾ തീ അണയ്ക്കാം. തണുത്തു കഴിയുമ്പോൾ ഇത് കൂടുതൽ കുറുകി വരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352060/lets-bottle-the-sweetness-of-jackfruit-season-dried-local-jackfruit)