---
title: "ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും; അഹമ്മദാബാദിൽ രണ്ടുകുട്ടികൾ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം"
english_title: "Vomiting after eating dosa; Two children die, parents in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352058/vomiting-after-eating-dosa-two-children-die-parents-in-critical-condition-new"
published_at: "2026-04-07T14:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4ce65852d0_dosha.jpg"
keywords: []
---

# ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും; അഹമ്മദാബാദിൽ രണ്ടുകുട്ടികൾ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം

> **Lead Summary:** **അഹമ്മദാബാദ്: ** ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞും നാല് വയസ്സുകാരിയുമാണ് മരിച്ചത്.

## Article Content

**അഹമ്മദാബാദ്: ** ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ കടുത്ത ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞും നാല് വയസ്സുകാരിയുമാണ് മരിച്ചത്.

ഏപ്രിൽ ഒന്നിന് രാത്രി വീട്ടിൽ ദോശ കഴിച്ചതിന് പിന്നാലെയാണ് കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ മാതാപിതാക്കൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സമീപത്തെ ഒരു സ്ഥാപനത്തിൽനിന്നാണ് വിമൽ ദോശമാവ് വാങ്ങിയത്. തുടർന്ന് വിമലും ഭാവനയും നാലുവയസ്സുകാരിയായ മകളും ദോശ കഴിച്ചു. പിറ്റേന്ന് രാവിലെ ഇവർക്കും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നാംതീയതിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരിച്ചു. വിമലും ഭാവനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അതേസമയം, ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. വിമൽ ദോശമാവ് വാങ്ങിയ ഘനശ്യാം ഡയറി എന്ന സ്ഥാപനത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചതായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352058/vomiting-after-eating-dosa-two-children-die-parents-in-critical-condition-new)