---
title: "ഇനി അങ്ങോട്ടേക്ക് പോകേണ്ട ....: നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; തടിയന്റമോൾ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി  "
english_title: "Saranya's disappearance incident; Temporary ban on trekking in Thadiyantamol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351990/saranyas-disappearance-incident-temporary-ban-on-trekking-in-thadiyantamol"
published_at: "2026-04-07T10:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d49255e714b_trip.jpg"
keywords: []
---

# ഇനി അങ്ങോട്ടേക്ക് പോകേണ്ട ....: നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; തടിയന്റമോൾ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി  

> **Lead Summary:** **മടിക്കേരി: **കുടകിലെ തടിയന്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവത്തെത്തുടർന്ന് സോളോ ട്രക്കിങ്ങിന് (ഒറ്റയ്ക്കുള്ള യാത്ര) താൽകാലിക വിലക്കേർപ്പെടുത്തി കർണാടക വനംവകുപ്പ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തടിയന്റമോൾ ട്രക്കിങ് പാത ഏപ്രിൽ 11 വരെ പൂർണ്ണമായും അടച്ചിടാനും അധികൃതർ തീരുമാനിച്ചു.

## Article Content

**മടിക്കേരി: **കുടകിലെ തടിയന്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവത്തെത്തുടർന്ന് സോളോ ട്രക്കിങ്ങിന് (ഒറ്റയ്ക്കുള്ള യാത്ര) താൽകാലിക വിലക്കേർപ്പെടുത്തി കർണാടക വനംവകുപ്പ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തടിയന്റമോൾ ട്രക്കിങ് പാത ഏപ്രിൽ 11 വരെ പൂർണ്ണമായും അടച്ചിടാനും അധികൃതർ തീരുമാനിച്ചു.

കാണാതായ ശരണ്യയെ നാലുദിവസത്തിനു ശേഷം സുരക്ഷിതമായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്താണ് ഈ നടപടി. ട്രക്കിങ് പാതകളിൽ കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുമെന്നും സുരക്ഷ പ്രോട്ടോക്കോളുകൾ പരിഷ്കരിക്കുമെന്നും മടിക്കേരി ഡി.സി.എഫ് അഭിഷേക് അറിയിച്ചു. ബീദഹള്ളിയിൽനിന്നുള്ള കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പന്നരായാൽ പോലും അപരിചിതമായ പാതകളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് 'ട്രക്ക് ആൻഡ് ടെയിൽസ്' സഹസ്ഥാപക മേഘ്ന കുശാലപ്പ പറഞ്ഞു. യാത്രയ്ക്ക് മുമ്പ് റൂട്ടുകളെക്കുറിച്ച് കൃത്യമായ പഠനം നടത്തണമെന്നും അതിനായി വിക്കിലോക്ക് (WikiLoc), മാപ്‌സ് മീ (Maps.me), സ്ട്രാവ തുടങ്ങിയ ആപ്പുകളുടെ സഹായം തേടാനും അവർ നിർദേശിച്ചു.

ഫ്ലാഷ്‌ലൈറ്റ്, വെള്ളം, ലഘുഭക്ഷണം, വിസിൽ, പോർട്ടബിൾ ചാർജർ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കൈയിൽ കരുതുന്നതും യാത്രയിൽ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു. കൊടക് കേന്ദ്രമായി പ്രവർത്തിക്കുന്ന 'കെ.എ 12 മൈൽസ്' എന്ന ട്രക്കിങ് ഗ്രൂപ് സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന് ചില സുപ്രധാന നിർദേശങ്ങളും സമർപ്പിച്ചു.

യുവതിയെ കാണാതായ സംഭവം വലിയ ചർച്ചയായതോടെ വരുംദിവസങ്ങളിൽ ട്രക്കിങ് നിയന്ത്രണങ്ങളിൽ കൂടുതൽ കർശനമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സോളോ ട്രക്കിങ് നിരോധിക്കണമെന്ന ആവശ്യവുമായി ചില വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351990/saranyas-disappearance-incident-temporary-ban-on-trekking-in-thadiyantamol)