---
title: "ശാസ്താംകോട്ടയെ നടുക്കി എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; സഹോദരങ്ങൾക്ക് ക്രൂരമർദനം, കല്യാണവീട് അടിച്ചുതകർത്തു"
english_title: "The rampage of an eight-member gang shook Sasthamkotta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351985/the-rampage-of-an-eight-member-gang-shook-sasthamkotta"
published_at: "2026-04-07T10:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48d64d3edd_8.jpg"
keywords: []
---

# ശാസ്താംകോട്ടയെ നടുക്കി എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; സഹോദരങ്ങൾക്ക് ക്രൂരമർദനം, കല്യാണവീട് അടിച്ചുതകർത്തു

> **Lead Summary:** **കൊല്ലം: [** ശാസ്താംകോട്ട പടിഞ്ഞാറേക്കല്ലട വിളന്തറയിൽ എട്ടംഗ ഗുണ്ടാസംഘം നടത്തിയ ആക്രമണ പരമ്പര നാടിനെ ഭീതിയിലാഴ്ത്തി. രാത്രി പത്തു മണിയോടെ തുറന്ന ജീപ്പിലും ബൈക്കുകളിലുമായി എത്തിയ സംഘം ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

## Article Content

**കൊല്ലം: [** ശാസ്താംകോട്ട പടിഞ്ഞാറേക്കല്ലട വിളന്തറയിൽ എട്ടംഗ ഗുണ്ടാസംഘം നടത്തിയ ആക്രമണ പരമ്പര നാടിനെ ഭീതിയിലാഴ്ത്തി. രാത്രി പത്തു മണിയോടെ തുറന്ന ജീപ്പിലും ബൈക്കുകളിലുമായി എത്തിയ സംഘം ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

കോട്ടയ്ക്കാട്ട് മുക്കിൽ വച്ച് ബൈക്കിൽ വരികയായിരുന്ന ശ്യാം രാജ്, ബിനു എന്നീ സഹോദരങ്ങളെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. വാഹനങ്ങളുടെ അമിതവേഗത ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്.

കമ്പി വടിയും ഹെൽമറ്റും ഉപയോഗിച്ചുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവക്കളെ ആക്രമിച്ച ശേഷം കോട്ടക്കുഴി മുക്കിലെ ഒരു കല്യാണവീട് ലക്ഷ്യമാക്കിയാണ് സംഘം നീങ്ങിയത്.

അവിടെ യാതൊരു പ്രകോപനവുമില്ലാതെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും അടിച്ചുതകർത്തു. തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്ത് വൻ നാശനഷ്ടങ്ങൾ വരുത്തി.

അപ്രതീക്ഷിതമായുണ്ടായ ഈ അക്രമത്തിൽ ഭയന്ന സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ താണ്ഡവം ഒരു മണിക്കൂറോളം നീണ്ടുനിന്നത് പ്രദേശവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

സംഭവത്തിൽ പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351985/the-rampage-of-an-eight-member-gang-shook-sasthamkotta)