---
title: "ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാതയൊരുക്കും; ഉറപ്പുനൽകി ഇറാൻ"
english_title: "Safe passage will be provided to Indian ships in the Strait of Hormuz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351973/safe-passage-will-be-provided-to-indian-ships-in-the-strait-of-hormuz"
published_at: "2026-04-07T09:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d482ed1b155_4.jpg"
keywords: []
---

# ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാതയൊരുക്കും; ഉറപ്പുനൽകി ഇറാൻ

> **Lead Summary:** **ന്യൂഡൽഹി: [ **ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: [ **ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി.

തങ്ങളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിൽ മാത്രമാണ് കടലിടുക്ക് അടച്ചിട്ടുള്ളതെന്നും, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾക്ക് സുരക്ഷിതമായ സമുദ്രപാത ഒരുക്കുന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം എ.എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്ന് ആരോപിച്ച അദ്ദേഹം, അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇറാൻ ഒരുക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന നീക്കങ്ങളെ 'ആധുനിക കാടത്തം' എന്നാണ് അംബാസഡർ വിശേഷിപ്പിച്ചത്. ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ മനുഷ്യത്വഹീനമാണെന്നും ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഒരു യുദ്ധം അടിച്ചേൽപ്പിക്കപ്പെട്ടാൽ അത് എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും. രാജ്യാന്തര സമുദ്രാതിർത്തികൾ സംരക്ഷിക്കപ്പെടണമെന്നതാണ് തങ്ങളുടെ നിലപാടെങ്കിലും ഹോർമുസ് കടലിടുക്ക് ആ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തെ ഉത്തരവാദിത്തപരമായ നിലപാടായി ഇറാൻ സ്വാഗതം ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351973/safe-passage-will-be-provided-to-indian-ships-in-the-strait-of-hormuz)