---
title: " തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ്; കേസെടുക്കാൻ പൊലീസ്, ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് എൽഡിഎഫും യുഡിഎഫും"
english_title: "Kit for voting in Vadanappally Thrissur Police to file case LDF and UDF say BJP is sabotaging the election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351766/kit-for-voting-in-vadanappally-thrissur-police-to-file-case-ldf-and-udf-say-bjp-is-sabotaging-the-election"
published_at: "2026-04-06T08:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d31fd76c711_vote_kit.jpg"
keywords: []
---

#  തൃശൂർ വാടാനപ്പള്ളിയിൽ വോട്ടിന് കിറ്റ്; കേസെടുക്കാൻ പൊലീസ്, ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് എൽഡിഎഫും യുഡിഎഫും

> **Lead Summary:** തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി.

## Article Content

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പൊലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി.

സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും.

തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തുകയാണ് കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കെയാണ് തൃശൂരിൽ ബിജെപിക്കെതിരായ കിറ്റ് വിവാദം കത്തിക്കയറിയത്. തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഒളരിയിലെ ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ പ്രതിചേർത്തായിരുന്നു കേസ്. വിവാദം സൃഷ്ടിക്കാനായുള്ള എൽഡിഎഫ് നീക്കം എന്നായിരുന്നു സംഭവത്തിൽ ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന്‍റെ പ്രതികരണം.

എന്നാൽ, ഒളരിക്ക് പിന്നാലെ മണലൂരിലും കിറ്റ് വിവാദം ഉയര്‍ന്നു. മണലൂർ മണ്ഡലത്തിൽ വിതരണം ചെയ്യാനുള്ള കിറ്റുകൾ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ കേന്ദ്രത്തിൽ തയ്യാറാക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥാപനം വളഞ്ഞു. ബിജെപി നേതാവും ചലച്ചിത്രതാരവുമായ ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351766/kit-for-voting-in-vadanappally-thrissur-police-to-file-case-ldf-and-udf-say-bjp-is-sabotaging-the-election)