---
title: "വെള്ളറടയിൽ വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ്"
english_title: "newborn dies in vellarada home delivery husband claims ignorance of pregnancy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351762/newborn-dies-in-vellarada-home-delivery-husband-claims-ignorance-of-pregnancy"
published_at: "2026-04-06T07:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d31a32beefb_baby_death.jpg"
keywords: []
---

# വെള്ളറടയിൽ വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ്

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വീട്ടിലെ പ്രസവത്തിൽ ജനിച്ച നവജാത ശിശു മരിച്ചു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് പറയുന്നു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വീട്ടിലെ പ്രസവത്തിൽ ജനിച്ച നവജാത ശിശു മരിച്ചു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ഭാര്യ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നുവെന്ന് ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് പറയുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ചെരുപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി കണ്ടത്. ഇത് പരിശോധിച്ചപ്പോൾ തുണിക്കുള്ളിൽ ചോരക്കുഞ്ഞായിരുന്നുവെന്ന് അൽത്താഫ് പറയുന്നു.

തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പൊലീസിനോടു പറഞ്ഞത്. ഷംന പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു വർഷം മുൻപായിരുന്നു അൽത്താഫിന്റെയും ഷംനയുടെയും വിവാഹം. ഇവർക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351762/newborn-dies-in-vellarada-home-delivery-husband-claims-ignorance-of-pregnancy)