---
title: "ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണം, അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും"
english_title: "Sexual assault case; Ranjith should be granted bail considering his health condition,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351755/sexual-assault-case-ranjith-should-be-granted-bail-considering-his-health-condition"
published_at: "2026-04-06T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d31088c656e_RANJITH.jpg"
keywords: []
---

# ലൈംഗിക അതിക്രമക്കേസ്; രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണം, അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും

> **Lead Summary:** **കൊച്ചി: ** ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും.

## Article Content

**കൊച്ചി: ** ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും.

മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടെ കണക്കിൽ എടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഇന്നലെ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി.

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പൊലീസിന് മുന്നില്‍ ആവര്‍ത്തിച്ചു. സിനിമാ സെറ്റില്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പൊലീസിന് കസ്റ്റ‍ഡിയില്‍ കിട്ടിയത്.

മൂന്ന് ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാവും മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകനെ സിനിമയുടെ ചിത്രീകരണം നടന്ന ഫോര്‍ട്ട് കൊച്ചിയില്‍ എത്തിച്ചത്. ആസ്പിന്‍ വാളിലെ ലൊക്കേഷനില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാരവാനിനുള്ളില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ ക്യാരവാന്‍ പൊലീസ് കണ്ടെടുത്ത് എ ആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. അതിനുള്ളില്‍ എത്തിച്ചും തെളിവെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351755/sexual-assault-case-ranjith-should-be-granted-bail-considering-his-health-condition)