---
title: " 'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ"
english_title: "Saranya responds to survivor who went missing while trekking in Kodagu, Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351738/saranya-responds-to-survivor-who-went-missing-while-trekking-in-kodagu-karnataka"
published_at: "2026-04-05T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d274e8b09b4_SHARANYA.jpg"
keywords: []
---

#  'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ

> **Lead Summary:** ** **തനിക്ക് ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ല. ഓകെയാണ്.** **കര്‍ണാടക കുടകിലെ കൊടുവനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശരണ്യ. തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ശരണ്യ നന്ദി പറഞ്ഞു.

## Article Content

** **തനിക്ക് ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ല. ഓകെയാണ്.** **കര്‍ണാടക കുടകിലെ കൊടുവനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ശരണ്യ. തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ശരണ്യ നന്ദി പറഞ്ഞു.

10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനായി പോയത്. എന്നാല്‍ ഇടയ്ക്ക് ഒരു മലയിറങ്ങവേ തനിക്ക് വഴിതെറ്റിയെന്നും ഒറ്റപ്പെട്ടുപോയെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയിലാണ് താന്‍ നാലുനാള്‍ വനത്തില്‍ കഴിച്ചുകൂട്ടിയതെന്ന് ശരണ്യ പറഞ്ഞു. താന്‍ വനത്തിലൂടെ നടന്നുവരുന്നതിനിടെ ഒരു ഇറക്കത്തിന് മുകളിലും താഴെയും തന്റെ കൂടെയുള്ളവര്‍ നില്‍ക്കുന്നതായി കണ്ടിരുന്നു.

എന്നാല്‍ പെട്ടെന്ന് ഒരു വളവ് തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളിലുള്ളവരേയും താഴെയുള്ളവരേയും കാണാതെയായി. ഇതോടെ വഴി തെറ്റിയെന്ന് ബോധ്യമായി. എന്തായാലും താഴേക്കാണല്ലോ പോകേണ്ടത്. അതിനാല്‍ തന്നെ ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.

പക്ഷേ താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. നെറ്റ്വര്‍ക്ക് പൂര്‍ണമായും നഷ്ടമായി. ഒരിടത്ത് വച്ച് അല്‍പ്പം നെറ്റ്‌വര്‍ക്ക് വന്നപ്പോള്‍ സുഹൃത്തിന് മെസേജ് അയയ്ക്കാന്‍ നോക്കി. അധികൃതരെ ബന്ധപ്പെടാനായി ശ്രമിച്ചപ്പോഴേക്കും ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. താന്‍ പൂര്‍ണമായും കുടുങ്ങിപ്പോയെന്ന് ഉറപ്പായ ഭീതിദമായ നിമിഷത്തെക്കുറിച്ച് പോലും ഒരു ചെറുചിരിയോടെയാണ് ശരണ്യ മാധ്യമങ്ങളോട് സംസാരിച്ചത്.

വൈകീട്ട് വരെ താന്‍ പറ്റാവുന്നിടത്തോളം നടന്നെന്നും പിന്നീട് ഒരു അരുവിയും അരികില്‍ പാറയും കണ്ടപ്പോള്‍ നടത്തം നിര്‍ത്തിയെന്നും ശരണ്യ പറഞ്ഞു. മഴ പെയ്ത് പാറകളും മറ്റും വഴുക്കുന്ന നിലയിലായിരുന്നു. രണ്ട് ദിവസം കാര്യമായി നടക്കാന്‍ ശ്രമിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അവിടെ കാത്തിരുന്നുവെന്നും ശരണ്യ പറഞ്ഞു.

ഒരു ഭക്ഷണ സാധനങ്ങളും കൈയിലുണ്ടായിരുന്നില്ല. ആകെ അരലിറ്റര്‍ വെള്ളത്തിന്റെ കുപ്പി മാത്രമാണ് ഉണ്ടായിരുന്നതെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആനകളുള്ള പ്രദേശമാണെന്ന സൂചനയുണ്ടായിരുന്നുവെന്നും ശരണ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351738/saranya-responds-to-survivor-who-went-missing-while-trekking-in-kodagu-karnataka)