---
title: "വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍"
english_title: "Voting kit controversy; BJP-UDF workers clash on the street in Manalur, actor Devan in the godown"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351707/voting-kit-controversy-bjp-udf-workers-clash-on-the-street-in-manalur-actor-devan-in-the-godown"
published_at: "2026-04-05T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d23474f2d72_actor_Devan_in_the_godown.jpg"
keywords: []
---

# വോട്ടിന് കിറ്റ് വിവാദം; മണലൂരിൽ ബിജെപി-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി, ഗോഡൗണില്‍ നടന്‍ ദേവന്‍

> **Lead Summary:** തൃശ്ശൂര്‍: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബിജെപി വോട്ടിനായി കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണത്തെത്തുടർന്ന് വലിയ സംഘർഷം. സ്വകാര്യ ഗോഡൗണിൽ വിതരണത്തിനായി രണ്ടായിരത്തോളം കിറ്റുകൾ എത്തിച്ചെന്ന വിവരമറിഞ്ഞ് കോൺഗ്രസ്, സിപിഐഎം പ്രവർത്തകർ സ്ഥലത്തെത്തി ഇത് തടയുകയായിരുന്നു.

## Article Content

തൃശ്ശൂര്‍: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബിജെപി വോട്ടിനായി കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണത്തെത്തുടർന്ന് വലിയ സംഘർഷം. സ്വകാര്യ ഗോഡൗണിൽ വിതരണത്തിനായി രണ്ടായിരത്തോളം കിറ്റുകൾ എത്തിച്ചെന്ന വിവരമറിഞ്ഞ് കോൺഗ്രസ്, സിപിഐഎം പ്രവർത്തകർ സ്ഥലത്തെത്തി ഇത് തടയുകയായിരുന്നു.

സംഭവസ്ഥലത്ത് ബിജെപി - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. സൂപ്പർമാർക്കറ്റിന് അകത്തുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവിടെയുള്ള സാധനങ്ങൾ പിടിച്ചെടുക്കണമെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഘർഷം നിലനിൽക്കുന്നതിനിടെ, കിറ്റുകൾ ഉണ്ടെന്ന് പറയപ്പെടുന്ന ഗോഡൗണിന് മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാർത്തിക' സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351707/voting-kit-controversy-bjp-udf-workers-clash-on-the-street-in-manalur-actor-devan-in-the-godown)