---
title: "മോരുകറി ഇനി വെറൈറ്റിയാക്കാം; എന്നാൽ ഇതാ.... ഔഷധഗുണമുള്ള ചീര മോരുകറി റെസിപ്പി"
english_title: "Now you can make a variety of curry; but here is.... a medicinal spinach curry recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351693/now-you-can-make-a-variety-of-curry-but-here-is-a-medicinal-spinach-curry-recipe-new"
published_at: "2026-04-05T14:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d2253298662_medicinal_spinach_curry_recipe.jpg"
keywords: []
---

# മോരുകറി ഇനി വെറൈറ്റിയാക്കാം; എന്നാൽ ഇതാ.... ഔഷധഗുണമുള്ള ചീര മോരുകറി റെസിപ്പി

> **Lead Summary:** കേരളീയരുടെ ഉച്ചഭക്ഷണത്തിൽ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് മോരുകറി. എന്നാൽ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഔഷധഗുണവും രുചിയും ഒത്തിണങ്ങുന്ന ഒന്നാണ് 'ചീര മോരുകറി'.

## Article Content

കേരളീയരുടെ ഉച്ചഭക്ഷണത്തിൽ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് മോരുകറി. എന്നാൽ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഔഷധഗുണവും രുചിയും ഒത്തിണങ്ങുന്ന ഒന്നാണ് 'ചീര മോരുകറി'.

ചീരയിലെ ഇരുമ്പ് സത്തും തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളും ചേരുന്നതിലൂടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു വിഭവമാണിത്. സാധാരണയായി കായയോ ചേനയോ ഒക്കെ ചേർത്താണ് മോരുകറി ഉണ്ടാക്കാറുള്ളതെങ്കിലും, പച്ചച്ചീര ചേർത്തുള്ള ഈ വിഭവം വേറിട്ടൊരു സ്വാദാണ് നൽകുന്നത്. ദഹനത്തിന് സഹായിക്കുന്ന ജീരകവും ചുക്കും ഇതിൽ ചേർക്കുന്നത് കറിയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നു.

അമിതമായ മസാലകളില്ലാതെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ സ്വാഭാവിക രുചിയാണ് ഈ കറിയുടെ പ്രത്യേകത. വേനൽക്കാലത്ത് ശരീരത്തിന് കുളിർമ നൽകാൻ ഏറെ അനുയോജ്യമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ചേരുവകൾ

വെളിച്ചെണ്ണ

കടുക്

വെളുത്തുള്ളി

ഇഞ്ചി

പച്ചമുളക്

ചുവന്നുള്ളി

ചീര

കറിവേപ്പില

ഉപ്പ്

തൈര്

മുളകുപൊടി

ജീരകം

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതു ചേർക്കാം.

വെളുത്തുള്ളിയും നിറം മാറി വരുമ്പോൾ ഒരുപിടി ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റാം.

ചുവന്നുള്ളി വെന്തു വരുമ്പോൾ ചീരയുടെ ഇല ചെറുതായി അരിഞ്ഞതു ചേർക്കാം.

മറ്റൊരു ബൗളിൽ കുറച്ച് തൈരെടുക്കാം. അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ജീരകവും മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.

ചീരയില വെന്തുവരുമ്പോൾ തൈര് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.

ആവശ്യമെങ്കിൽ ഒരു നുള്ള ചുക്ക് കൂടി ചേർക്കാം. ഇനി ഇത് ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351693/now-you-can-make-a-variety-of-curry-but-here-is-a-medicinal-spinach-curry-recipe-new)