---
title: " ട്രക്കിങ്ങിനിടെ നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; മകളെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും; ശരണ്യയുടെ അച്ഛനെ ആശ്വസിപ്പിച്ച് കെ.സി വേണുഗോപാൽ "
english_title: "Missing Nadapuram native Saranya incident; KC speaks to Karnataka Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351675/missing-nadapuram-native-saranya-incident-kc-speaks-to-karnataka-chief-minister"
published_at: "2026-04-05T12:52:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/69d20e063e23c_kc.jpg"
keywords: []
---

#  ട്രക്കിങ്ങിനിടെ നാദാപുരം സ്വദേശിനി ശരണ്യയെ കാണാതായ സംഭവം; മകളെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും; ശരണ്യയുടെ അച്ഛനെ ആശ്വസിപ്പിച്ച് കെ.സി വേണുഗോപാൽ 

> **Lead Summary:** **കോഴിക്കോട്: **കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാൻ ഇടപെട്ട് കെസി വേണു​ഗോപാൽ എംപി. കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു.

## Article Content

**കോഴിക്കോട്: **കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാൻ ഇടപെട്ട് കെസി വേണു​ഗോപാൽ എംപി. കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു.

മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെസി വേണുഗോപാല്‍ ചോദിച്ചറിഞ്ഞു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെസി വേണുഗോപാല്‍ സംസാരിച്ചിരുന്നു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി അറിയിച്ചു.

തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് ശരണ്യ എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ  പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും 8.15 ന് ട്രക്കിന് കടത്തിവിട്ടു.

ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നതായി ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്.

ശരണ്യയും മറ്റു ഒമ്പതു പേരും അടക്കം പത്തുപേരെയാണ് വ്യാഴാഴ്ച ട്രക്കിങിന് അയച്ചത്. ഉച്ചയ്ക്കുശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളിൽ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. നായ കുട്ടിയെ കളിപ്പിച്ച് കുന്നിൻ മുകളിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

ട്രക്കിങ് സംഘത്തിൽ അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351675/missing-nadapuram-native-saranya-incident-kc-speaks-to-karnataka-chief-minister)