---
title: "ഫാസ്റ്റാഗില്ലാത്തവർക്ക് ആശ്വാസം; ഫാസ്റ്റാഗില്ലെങ്കിലും ഇനി ഇരട്ടി തുക വേണ്ട; ടോൾ പ്ലാസകളിൽ ഇളവുമായി കേന്ദ്രം"
english_title: "Even without FASTag, no need to pay double; Center eases toll plazas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351648/union-ministry-of-surface-transport-orders-waiving-double-fines-"
published_at: "2026-04-05T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1ed4dd128d_Union_Ministry_of_Surface_Transport_orders_waiving_double_fines.jpg"
keywords: []
---

# ഫാസ്റ്റാഗില്ലാത്തവർക്ക് ആശ്വാസം; ഫാസ്റ്റാഗില്ലെങ്കിലും ഇനി ഇരട്ടി തുക വേണ്ട; ടോൾ പ്ലാസകളിൽ ഇളവുമായി കേന്ദ്രം

> **Lead Summary:** കൊച്ചി : ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിയമം പരിഷ്കരിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ ടോൾ ബൂത്തുകളിൽ ഇരട്ടി തുക പിഴയായി നൽകേണ്ടതില്ല.

## Article Content

കൊച്ചി : ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമിടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിയമം പരിഷ്കരിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ ടോൾ ബൂത്തുകളിൽ ഇരട്ടി തുക പിഴയായി നൽകേണ്ടതില്ല.

ഏപ്രിൽ 10 മുതൽ നിലവിൽ വരുന്ന പുതിയ നിർദ്ദേശപ്രകാരം, ഫാസ്റ്റാഗ് ഇല്ലാതെ ടോൾ പ്ലാസയിലെത്തുന്നവർ യുപിഐ (UPI) വഴി പണമടച്ചാൽ സാധാരണ ടോൾ നിരക്കിനൊപ്പം 25 ശതമാനം അധിക തുക മാത്രം നൽകിയാൽ മതിയാകും. നിലവിൽ ഫാസ്റ്റാഗ് ഇല്ലാത്തവരിൽ നിന്നും പണമായി ഇരട്ടി തുക (200 ശതമാനം) ഈടാക്കുന്ന രീതിയാണ് മാറ്റുന്നത്. ഉദാഹരണത്തിന്, 100 രൂപ ടോൾ നൽകേണ്ട വാഹനത്തിന് ഫാസ്റ്റാഗ് ഇല്ലെങ്കിൽ യുപിഐ വഴി 125 രൂപ നൽകി കടന്നുപോകാം. നേരത്തെ ഇതേ സ്ഥാനത്ത് 200 രൂപയായിരുന്നു നൽകേണ്ടി വന്നിരുന്നത്.

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിൽ കാഷ് ഇടപാടുകൾ കുറയ്ക്കുകയും ഗതാഗത തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഫാസ്റ്റാഗ് സംവിധാനം ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് പകരം ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിക്കാൻ ഇത് പ്രേരണയാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും സംബന്ധിച്ച 2008ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ഏപ്രിൽ 2ന് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351648/union-ministry-of-surface-transport-orders-waiving-double-fines-)