---
title: "അന്തേവാസിയുടെ മരണം: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ അടപ്പിച്ചു; പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെ"
english_title: "Death of inmate: Special school in Kodungallur closed; it was operating without permission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351646/death-of-inmate-special-school-in-kodungallur-closed-it-was-operating-without-permission"
published_at: "2026-04-05T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1ea378d392_Death_of_inmate_Special_school_in_Kodungallur_closed_it_was_operating_without_permission.jpg"
keywords: []
---

# അന്തേവാസിയുടെ മരണം: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ അടപ്പിച്ചു; പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെ

> **Lead Summary:** കൊടുങ്ങല്ലൂർ: അന്തേവാസി കൊല്ലപ്പെട്ടതിനെത്തുടർന്ന് വിവാദത്തിലായ കൊടുങ്ങല്ലൂരിലെ ‘അനുഗ്രഹ’ സ്പെഷ്യൽ സ്കൂൾ നഗരസഭ അടപ്പിച്ചു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത് ആവശ്യമായ അനുമതികളില്ലാതെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്റ്റോപ് മെമോ നൽകിയതായും സ്കൂൾ അടച്ചുപൂട്ടിയതായും നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അറിയിച്ചു.

## Article Content

കൊടുങ്ങല്ലൂർ: അന്തേവാസി കൊല്ലപ്പെട്ടതിനെത്തുടർന്ന് വിവാദത്തിലായ കൊടുങ്ങല്ലൂരിലെ ‘അനുഗ്രഹ’ സ്പെഷ്യൽ സ്കൂൾ നഗരസഭ അടപ്പിച്ചു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത് ആവശ്യമായ അനുമതികളില്ലാതെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്റ്റോപ് മെമോ നൽകിയതായും സ്കൂൾ അടച്ചുപൂട്ടിയതായും നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അറിയിച്ചു.

സാമൂഹികക്ഷേമ വകുപ്പിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് 2018 മുതൽ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന അന്തേവാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.

പറവൂർ സ്വദേശികളായ ചീണ്ടേൽ ബോബിയും സുഷമയും ചേർന്നാണ് സ്കൂൾ നടത്തിയിരുന്നത്. സ്ഥാപനത്തിനുള്ളിൽ നിന്ന് പലപ്പോഴും അന്തേവാസികളുടെ നിലവിളി കേൾക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

വടക്കെനടയിൽ എസ്.ബി.ഐ റോഡിലെ അനുഗ്രഹ സ്പെഷൽ സ്കൂളിലെ അന്തേവാസി പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരന്റെ മകൻ ശ്രീനാഥിനെയാണ് ഏപ്രിൽ ഒന്നിന് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൈകളിലും കാലുകളിലും മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥാപനത്തിൽ നടത്തിയ തിരച്ചിലിൽ മർദനത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കേബിൾ കൊണ്ടുള്ള ആയുധം കണ്ടെത്തി. തുടർന്നാണ് കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351646/death-of-inmate-special-school-in-kodungallur-closed-it-was-operating-without-permission)