---
title: "കുരിക്കത്തൂർ സ്ഫോടനം: വീട് വാടകയ്‌ക്കെടുത്ത യുവാവ് അറസ്റ്റിൽ; സുഹൃത്തിനെതിരെയും കേസ്"
english_title: "Kurikattur blast: Vishnu, who rented the house, arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351634/kurikattur-blast-vishnu-who-rented-the-house-arrested"
published_at: "2026-04-05T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1e01dc51ef_4.jpg"
keywords: []
---

# കുരിക്കത്തൂർ സ്ഫോടനം: വീട് വാടകയ്‌ക്കെടുത്ത യുവാവ് അറസ്റ്റിൽ; സുഹൃത്തിനെതിരെയും കേസ്

> **Lead Summary:** **കോഴിക്കോട്: [ **കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വീട് വാടകയ്‌ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്: [ **കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വീട് വാടകയ്‌ക്കെടുത്ത മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവിനെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഷ്ണുവിനെ ഞായറാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാമനാട്ടുകര സ്വദേശി രാഹുൽ, വിഷ്ണുവിന്റെ സഹോദരൻ രാഹുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജനവാസമേഖലയിലെ ഈ വാടകവീട്ടിൽ പടക്കനിർമാണം നടന്നിരുന്നത് നാട്ടുകാർക്കിടയിൽ ഒരു പരസ്യമായ രഹസ്യമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

മാസങ്ങളായി പടക്കം നിർമിക്കാൻ ആവശ്യമായ വൻതോതിലുള്ള പനയോലകൾ ഇവിടെ ശേഖരിച്ചിരുന്നു. ടാറിട്ട പ്രധാന റോഡിൽ നിന്ന് അല്പം മാറി വീതി കുറഞ്ഞ വഴിയിലൂടെയാണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിലും, ഇത്രയധികം സാധനങ്ങൾ ഇവിടെ എത്തിച്ചിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇരുന്നത് ദുരൂഹത വർധിപ്പിക്കുന്നു.

വീടിന്റെ പരിസരത്ത് കുന്നുകൂടി കിടക്കുന്ന പനയോലകളും അവ മുറിക്കാൻ സമീപവാസികളായ ചിലർ വന്നിരുന്നതായും സൂചനകളുണ്ട്. ഗ്രാമപ്രദേശമായതിനാൽ പുറത്തുനിന്നുള്ളവരുടെ നീക്കങ്ങൾ സാധാരണഗതിയിൽ നാട്ടുകാർ ശ്രദ്ധിക്കാറുള്ളതാണ്.

പനയോല മുറിച്ചതിന്റെ ബാക്കി ഭാഗങ്ങൾ ചില നാട്ടുകാർ വിറകായി ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പ്രദേശത്ത് വന്നുപോയിരുന്ന വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351634/kurikattur-blast-vishnu-who-rented-the-house-arrested)