---
title: "തിക്കോടിയിൽ ട്രെയിനിന് മുകളിൽ സെൽഫിയെടുക്കാൻ ശ്രമം; ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവ് മെഡിക്കൽ കോളേജിൽ"
english_title: "Attempt to take a selfie on top of a train in Thikkodi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351630/attempt-to-take-a-selfie-on-top-of-a-train-in-thikkodi"
published_at: "2026-04-05T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1dde202f11_33.jpg"
keywords: []
---

# തിക്കോടിയിൽ ട്രെയിനിന് മുകളിൽ സെൽഫിയെടുക്കാൻ ശ്രമം; ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവ് മെഡിക്കൽ കോളേജിൽ

> **Lead Summary:** **കോഴിക്കോട്: [ **തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതരമായി ഷോക്കേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തു.

## Article Content

**കോഴിക്കോട്: [ **തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതരമായി ഷോക്കേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തു.

പയ്യോളി അയനിക്കാട് സ്വദേശിയായ താരേമ്മൽ മുഹമ്മദ് സിനാന് (18) ആണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബി.ടി.പി.എൻ. ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴാൻ പോയ സിനാൻ, രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു.

വലിയ ശബ്ദത്തോടെ ഷോക്കേറ്റ യുവാവ് ട്രെയിനിന് മുകളിലേക്ക് തന്നെ തെറിച്ചു വീണു. ശരീരത്തിൽ അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സിനാനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351630/attempt-to-take-a-selfie-on-top-of-a-train-in-thikkodi)