---
title: "സിനിമയെ വെല്ലുന്ന തട്ടിപ്പ് രീതികൾ: പരാതിക്കാരെ കുടുക്കാൻ സ്വന്തം ശരീരം മുറിവേൽപ്പിക്കും; കുപ്രസിദ്ധ ദമ്പതികൾ അറസ്റ്റിൽ!"
english_title: "Notorious couple arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351629/notorious-couple-arrested"
published_at: "2026-04-05T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1dc68ceadc_2.jpg"
keywords: []
---

# സിനിമയെ വെല്ലുന്ന തട്ടിപ്പ് രീതികൾ: പരാതിക്കാരെ കുടുക്കാൻ സ്വന്തം ശരീരം മുറിവേൽപ്പിക്കും; കുപ്രസിദ്ധ ദമ്പതികൾ അറസ്റ്റിൽ!

> **Lead Summary:** **കൊല്ലം: [** വിവാഹവാഗ്ദാനവും വ്യാജ ബിസിനസ് സംരംഭങ്ങളും മുൻനിർത്തി സംസ്ഥാനവ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ ദമ്പതികളെ പൂയപ്പള്ളി പോലീസ് പിടികൂടി. ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ, ഭാര്യ രശ്മി ബിജു എന്നിവരാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റിലായത്.

## Article Content

**കൊല്ലം: [** വിവാഹവാഗ്ദാനവും വ്യാജ ബിസിനസ് സംരംഭങ്ങളും മുൻനിർത്തി സംസ്ഥാനവ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ ദമ്പതികളെ പൂയപ്പള്ളി പോലീസ് പിടികൂടി. ചെട്ടികുളങ്ങര സ്വദേശി ബിജു ബാലൻ, ഭാര്യ രശ്മി ബിജു എന്നിവരാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റിലായത്.

ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ ഉണ്ടാക്കി സാധനങ്ങൾ വാങ്ങിക്കൂട്ടിയ ശേഷം അവ മറിച്ചുവിറ്റ് കമ്പനി പൂട്ടി മുങ്ങുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. ഇതിനുപുറമെ, ഓസ്ട്രേലിയൻ സിറ്റിസൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിലവിൽ പൂയപ്പള്ളി പോലീസ് നടപടി സ്വീകരിച്ചത്.

വിവിധ ജില്ലകളിലായി പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പുകളാണ് ഇവർ നടത്തിയിട്ടുള്ളത്. അവിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകി പണം തട്ടുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം രീതിയായിരുന്നു.

കോഴിക്കോട് സ്വദേശിയായ സ്ത്രീയുടെ 85 ലക്ഷം രൂപയും മറ്റൊരു യുവതിയുടെ 15 ലക്ഷം രൂപയും ഇത്തരത്തിൽ ദമ്പതികൾ കൈക്കലാക്കി. കൂടാതെ ഖത്തർ ലോകകപ്പ് സമയത്ത് മെസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കായംകുളം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഉൾപ്പെടെ വിവിധ ഏജൻസികൾ അന്വേഷിക്കുന്ന ഒട്ടേറെ കേസുകൾ ഇവർക്കെതിരെയുണ്ട്. തങ്ങൾക്കെതിരെ ആരെങ്കിലും പരാതി നൽകുമെന്ന് ഭയന്നാൽ സ്വന്തം ശരീരത്തിൽ മുറിവുകളുണ്ടാക്കി പോലീസിൽ കള്ളപ്പരാതി നൽകി രക്ഷപ്പെടാനും ഇവർ ശ്രമിച്ചിരുന്നു.

ദമ്പതികൾ പിടിയിലായ വിവരം അറിഞ്ഞതോടെ കൂടുതൽ ഇരകൾ പരാതിയുമായി പോലീസ് സ്റ്റേഷനുകളെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351629/notorious-couple-arrested)