---
title: "'അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, ജില്ല സെക്രട്ടറി കള്ളം പറയുന്നു'; സിപിഎം ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ്"
english_title: "t siddique response on cpm allegations against congress on chooralmala landslide victim sruthi "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351538/t-siddique-response-on-cpm-allegations-against-congress-on-chooralmala-landslide-victim-sruthi"
published_at: "2026-04-04T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0dfb08b77e_t_siddique.jpg"
keywords: []
---

# 'അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, ജില്ല സെക്രട്ടറി കള്ളം പറയുന്നു'; സിപിഎം ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ്

> **Lead Summary:** **വയനാട്: **വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ കോൺ​ഗ്രസ് പറ്റിച്ചെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ്. ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. അവരെ വിവാ​ദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

## Article Content

**വയനാട്: **വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരയായ ശ്രുതിയെ കോൺ​ഗ്രസ് പറ്റിച്ചെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ്. ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. അവരെ വിവാ​ദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്‌സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അപചയമാണെന്നും ജില്ലാ സെക്രട്ടറിക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുന്നുവെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.

കൂവിയതിനെക്കാൾ വലിയ തിരിച്ചടി ഇതിന് സിപിഎമ്മിന് കിട്ടും. വീട് വാഗ്ദാനം ചെയ്ത ഏജൻസി പണിമുടക്കിയപ്പോൾ താൻ ഇടപെട്ടിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു.

ചൂരൽമലയിലെ ശ്രുതിയെ ടി. സിദ്ധിഖ് പറഞ്ഞു പറ്റിച്ചുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചത്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധിഖ് പറയുന്നത് ഇപ്പോഴും ഫെയിസ് ബുക്ക് പേജിലുണ്ട്. ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു.

ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും ആയിരുന്നു റഫീഖ് പറഞ്ഞത്. റീൽസ് എടുക്കാൻ വേണ്ടിയും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും ശ്രുതിയുടെ സാഹചര്യം ഉപയോഗിച്ചുവെന്നും റഫീഖ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351538/t-siddique-response-on-cpm-allegations-against-congress-on-chooralmala-landslide-victim-sruthi)