---
title: "'അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു'; ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ​ഗാന്ധി"
english_title: " Rahul gandhi about ldf bjp deal in kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351489/rahul-gandhi-about-ldf-bjp-deal-in-kerala"
published_at: "2026-04-04T12:35:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0b896d81df_rahul_gandhi.jpg"
keywords: []
---

# 'അയ്യപ്പന്റെ സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു'; ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ​ഗാന്ധി

> **Lead Summary:** ആലപ്പുഴ: ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവും. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

## Article Content

ആലപ്പുഴ: ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവും. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ‍ ​ഗാന്ധി. ഇടതുപക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം. ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല.

എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി. മറ്റൊരു വിഭാഗം നേതാക്കൾ, ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

ആർഎസ്എസിനെ എതിർക്കുന്ന തന്റെ പേരിൽ ഇന്ന് 38 ഓളം കേസുകൾ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും തന്നെയും കോൺഗ്രസ് പാർട്ടിയെയും വേട്ടയാടുകയാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും.

എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്ന് പറയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കവർന്നു. സ്വർണ്ണം കവർന്നു പകരം ചെമ്പ് സ്ഥാപിച്ചു. അയ്യപ്പന്റെ സ്വർണമാണ് ഇവിടെ കവർന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം.

രാജ്യത്ത് ഇടതുപക്ഷം ബിജെപിക്ക് വെല്ലുവിളി ആവില്ലെന്ന് മോദിക്ക് അറിയാം. എന്നെ ആക്രമിക്കുന്ന മോദി എന്തു കൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല.

പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അക്രമമായി കണക്കാക്കുന്നു. അതുകൊണ്ടാണ് തിരിച്ച് ആക്രമിച്ചത്. കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചു. അധികാരത്തിൽ ജനങ്ങളുമായുള്ള ബന്ധം ഇല്ലാതായി. ജനങ്ങളുമായുള്ള ബന്ധം അവർ ഇല്ലാതാക്കി. ജനങ്ങളുമായുള്ള ബന്ധം നഷ്ടമായി എന്ന് മനസ്സിലാക്കികൊടുക്കാനുള്ള തെരഞ്ഞെടുപ്പ് ആണിത്. സംയമനത്തോടെ നേരിടുന്നതിന് പകരം തിരിച്ച് ആക്രമിക്കുകയാണ് മുഖ്യമന്ത്രി. എൽഡിഎഫ് സർക്കാരിന് ജനങ്ങളുമായി ബന്ധമില്ലാതായി.

കേരളം മയക്കുമരുന്നിന്റെ രാജ്യതലസ്ഥാനമായി മാറി. കർഷകരും കയർ തൊഴിലാളികളുമടക്കം ദുരിതത്തിലാണ്. ന്യൂനപക്ഷം ആക്രമിക്കപ്പെടുകയാണ്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഇത് ചെയ്തവരോടാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് ബന്ധമുള്ളത്.

പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഡോണൾഡ് ട്രംപ് ആണ്. ട്രംപ് പറയുന്നത് മോദി നടപ്പാക്കുന്നു. എപ്സ്റ്റീൻ ഫയലുകളിൽ നരേന്ദ്രമോദിയും ഉണ്ടെന്നും മോദി മന്ത്രിസഭയിലെ പല പ്രമുഖരും എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351489/rahul-gandhi-about-ldf-bjp-deal-in-kerala)