---
title: " പെൺകുട്ടിയെ കുത്തിവീഴ്ത്തി; പിന്നാലെ സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി യുവാവ്  ജീവനൊടുക്കി "
english_title: "After stabbing a teenage girl in Delhi, a young man opened a gas cylinder and set himself on fire, killing himself."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351471/after-stabbing-a-teenage-girl-in-delhi-a-young-man-opened-a-gas-cylinder-and-set-himself-on-fire-killing-himself-"
published_at: "2026-04-04T11:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0a8ffe7bfc_crime.jpg"
keywords: []
---

#  പെൺകുട്ടിയെ കുത്തിവീഴ്ത്തി; പിന്നാലെ സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി യുവാവ്  ജീവനൊടുക്കി 

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി മരിച്ചു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 16-17 വയസ് മാത്രം പ്രായമുള്ള തന്റെ അയൽവാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

## Article Content

ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി മരിച്ചു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 16-17 വയസ് മാത്രം പ്രായമുള്ള തന്റെ അയൽവാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

പെൺകുട്ടിക്ക് മൂന്നോ നാലോ തവണ കുത്തേറ്റതായും നില അതീവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് മൊഴി നൽകാൻ കഴിയുന്ന സാഹചര്യമല്ല.

പെൺകുട്ടിയെ ആക്രമിച്ച ശേഷം വീട്ടിലെത്തിയ യുവാവ്, വാതിലുകൾ അടച്ച ശേഷം എൽപിജി സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വൈകുന്നേരം 6:20-ഓടെയാണ് വീട്ടിൽ സ്‌ഫോടനം നടന്നത്. യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇ-കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്.

യുവാവ് പെൺകുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും, യുവാവിന്റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതോ അല്ലെങ്കിൽ അവർ തമ്മിലുള്ള മറ്റെന്തെങ്കിലും തർക്കമോ ആകാം അക്രമത്തിന് കാരണമെന്നും പോലീസ് കരുതുന്നു.

യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇരു കുടുംബാംഗങ്ങളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351471/after-stabbing-a-teenage-girl-in-delhi-a-young-man-opened-a-gas-cylinder-and-set-himself-on-fire-killing-himself-)