---
title: "സ്ത്രീധന ദാഹം കവർന്നത് രണ്ട് ജീവനുകൾ; അഞ്ചുമാസം ഗർഭിണിയായ  മരുമകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ"
english_title: "Two lives were taken in the thirst for dowry; In-laws doused their five-month pregnant daughter-in-law with petrol and killed her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351463/two-lives-were-taken-in-the-thirst-for-dowry-in-laws-doused-their-five-month-pregnant-daughter-in-law-with-petrol-and-killed-her"
published_at: "2026-04-04T10:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0a424b9230_wre64e5.jpg"
keywords: []
---

# സ്ത്രീധന ദാഹം കവർന്നത് രണ്ട് ജീവനുകൾ; അഞ്ചുമാസം ഗർഭിണിയായ  മരുമകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ

> **Lead Summary:** ശിവമൊഗ്ഗ:**[** സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അഞ്ചുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിൽ മാർച്ച് 30-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിലെ സ്റ്റാഫ് നഴ്സായ ശ്വേത ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേതയുടെ ഭർതൃപിതാവ്, ഭർതൃമാതാവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ശിവമൊഗ്ഗ:**[** സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അഞ്ചുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിൽ മാർച്ച് 30-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിലെ സ്റ്റാഫ് നഴ്സായ ശ്വേത ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേതയുടെ ഭർതൃപിതാവ്, ഭർതൃമാതാവ് ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആവശ്യപ്പെട്ട സ്ത്രീധനം പൂർണ്ണമായി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും പീഡനവും. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെയാണ് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ഏപ്രിൽ ഒന്നിന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ശ്വേതയുടെ ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, ഇയാളുടെ ഭാര്യ ദിവ്യ എന്നിവരെയാണ് സോറബ പോലീസ് അറസ്റ്റ് ചെയ്തത്. ശ്വേതയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.  ഉളവി സ്വദേശികളായ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളായ ശ്വേത 2020-ലാണ് നവീനെ വിവാഹം കഴിച്ചത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്.

ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ മകളെ കൊലപ്പെടുത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും, അനാഥയായ കൊച്ചുമകൾക്ക് നീതി വേണമെന്നുമാണ് ശ്വേതയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351463/two-lives-were-taken-in-the-thirst-for-dowry-in-laws-doused-their-five-month-pregnant-daughter-in-law-with-petrol-and-killed-her)