---
title: "പ്രചാരണം തുടരും....! 'സ്പീക്കര്‍ പ്രചാരണം നടത്തരുതെന്ന് ഏത് നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്', പരാതി തള്ളി സ്പീക്കര്‍ എ.എന്‍ ഷംസീര്‍"
english_title: "kerala assembly election 2026 speaker an shamseer campaign row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351459/kerala-assembly-election-2026-speaker-an-shamseer-campaign-row"
published_at: "2026-04-04T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d09d40f0e2f_an_shamseer1.jpg"
keywords: []
---

# പ്രചാരണം തുടരും....! 'സ്പീക്കര്‍ പ്രചാരണം നടത്തരുതെന്ന് ഏത് നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്', പരാതി തള്ളി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പ്രചാരണത്തില്‍ നിന്ന് തടയണമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന്‍റെ പരാതിയെ തള്ളി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പരാതിയില്‍ ഒരു കഴമ്പുമില്ലെന്നും പ്രചാരണം തുടരുമെന്നും ഷംസീര്‍ പറഞ്ഞു. സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് ഏത് നിയമ പുസ്തകത്തിലാണ് പറയുന്നതെന്ന് ഷംസീര്‍ ചോദിച്ചു. സ്ഥാനാര്‍ത്ഥിയാണെങ്കില്‍ സ്പീക്കര്‍ പ്രചാരണം നടത്തുകയും രാഷ്ട്രീയം പറയുകയും ചെയ്യില്ലേ എന്നും അദ്ദേഹം ചോദിച്ചു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പ്രചാരണത്തില്‍ നിന്ന് തടയണമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന്‍റെ പരാതിയെ തള്ളി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പരാതിയില്‍ ഒരു കഴമ്പുമില്ലെന്നും പ്രചാരണം തുടരുമെന്നും ഷംസീര്‍ പറഞ്ഞു. സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് ഏത് നിയമ പുസ്തകത്തിലാണ് പറയുന്നതെന്ന് ഷംസീര്‍ ചോദിച്ചു. സ്ഥാനാര്‍ത്ഥിയാണെങ്കില്‍ സ്പീക്കര്‍ പ്രചാരണം നടത്തുകയും രാഷ്ട്രീയം പറയുകയും ചെയ്യില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന് നാല് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനം ഹൈവോള്‍ട്ടേജ് പ്രചാരണത്തിലേക്ക്. ബി.ജെ.പി ക്യാംപിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. തിരുവല്ലയില്‍ പൊതുയോഗത്തിലും തിരുവനന്തപുരത്ത് റോഡ് ഷോയിലുമാണ് ഇന്ന് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. വീണ്ടും താമര വിരിയുമെന്ന് ബി.ജെ.പി സ്വപ്നം കാണുന്ന തിരുവനന്തപുരത്ത് അവസാനവട്ട വോട്ടുകളും ഉറപ്പിക്കുകയെന്നതാണ് ഇന്നത്തെ മോദിയുടെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലായതോടെ യുഡിഎഫ് ക്യാംപിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നെത്തും. രാവിലെ 10.50ന് മുഹമ്മ കാവുങ്കലില്‍ പൊതുയോഗത്തില്‍ സംസാരിക്കും. പന്ത്രണ്ടരയ്ക്ക് കട്ടപ്പനയില്‍ റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനു വേണ്ടിയും കുന്നത്തുനാട് വി.പി സജീന്ദ്രനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് സ്വന്തം മണ്ഡലമായ ധർമടത്ത്. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മുഖ്യമന്ത്രി മണ്ഡലത്തിൽ തുടരും. ആറാം തിയതി നടക്കുന്ന റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351459/kerala-assembly-election-2026-speaker-an-shamseer-campaign-row)