---
title: "പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല, പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല' - പിണറായി വിജയന്‍"
english_title: "CM pinarayivijayan says no one will be harmed in Payyannur no matter who comes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351422/cm-pinarayivijayan-says-no-one-will-be-harmed-in-payyannur-no-matter-who-comes"
published_at: "2026-04-03T23:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cff96c8d656_cm.jpg"
keywords: []
---

# പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല, പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല' - പിണറായി വിജയന്‍

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണിത്. അതുകൊണ്ടാണ് പയ്യന്നൂര്‍ ഇടതുപക്ഷ കോട്ടയായി മാറിയത്.

## Article Content

**കണ്ണൂർ: **പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണിത്. അതുകൊണ്ടാണ് പയ്യന്നൂര്‍ ഇടതുപക്ഷ കോട്ടയായി മാറിയത്.

ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല. പയ്യന്നൂരിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടി കെ ഗോവിന്ദനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ടി കെ ഗോവിന്ദന്‍ സ്ഥാനമോഹിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗോവിന്ദന്‍ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടി കെ ഗോവിന്ദന്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351422/cm-pinarayivijayan-says-no-one-will-be-harmed-in-payyannur-no-matter-who-comes)