---
title: "സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്"
english_title: "Election Commission issues notice to Fathima Tehlia for seeking votes in the name of her community"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351391/election-commission-issues-notice-to-fathima-tehlia-for-seeking-votes-in-the-name-of-her-community"
published_at: "2026-04-03T17:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfaff2d51c8_fathima_notice.jpg"
keywords: []
---

# സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

> **Lead Summary:** **കോഴിക്കോട്: ** പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

## Article Content

**കോഴിക്കോട്: ** പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയ്ക്ക് നോട്ടീസ് നല്‍കിയത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഫാത്തിമ തെഹ്‌ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നല്‍കിയത്.

ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്‌മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351391/election-commission-issues-notice-to-fathima-tehlia-for-seeking-votes-in-the-name-of-her-community)