---
title: " 'ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്‌മെന്റ് ഇല്ല, പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്' -  ടി പി രാമകൃഷ്ണന്‍"
english_title: "Announcement controversy against Fatima Tehlia, TPRamakrishnan responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351356/announcement-controversy-against-fatima-tehlia-tpramakrishnan-responds"
published_at: "2026-04-03T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf8d11da57d_TP.jpg"
keywords: []
---

#  'ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്‌മെന്റ് ഇല്ല, പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്' -  ടി പി രാമകൃഷ്ണന്‍

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം തള്ളി എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്‌മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ചോദ്യങ്ങളോട് ക്ഷുഭിതനായായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം തള്ളി എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്‌മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ചോദ്യങ്ങളോട് ക്ഷുഭിതനായായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം.

'വിവാദം ഉയര്‍ത്തിയവരാണ് പരിശോധിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തട്ടെ. നോട്ടീസ് കിട്ടിയിട്ടില്ല. പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്. കഴിഞ്ഞ കാലത്തൊന്നും യുഡിഎഫുമായും എല്‍ഡിഎഫുമായോ യാതൊരു വിവാദവും ഇല്ല.

താല്‍ക്കാലിക നേട്ടത്തിനായി ആ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇത്തരം പ്രചരണം അഴിച്ചുവിടുകയാണ്. ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്‌മെന്റ് ഇല്ല. അങ്ങനൊരു അനൗണ്‍സ്‌മെന്റ് നടത്തിയിട്ടില്ല', എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

തങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ എന്താണ് ധൃതി. എല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചരണ വാഹനത്തിന്റെ റെക്കോര്‍ഡ് തരാം. പെന്‍ഡ്രൈവ് നല്‍കാന്‍ തയ്യാറാണ്. കുറേ ദിവസമായി പ്രചാരണം നടത്തുന്നതല്ലേയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി.

ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്‌മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്.

'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗണ്‍സ്‌മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്‌മെന്റില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351356/announcement-controversy-against-fatima-tehlia-tpramakrishnan-responds)