---
title: "'നിശബ്ദനാക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല'; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ"
english_title: "Raghav Chadha's first response to the removal of him from the post of Rajya Sabha Deputy Leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351328/raghav-chadhas-first-response-to-the-removal-of-him-from-the-post-of-rajya-sabha-deputy-leader"
published_at: "2026-04-03T13:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf796c1fa5a_Raghav_Chadhas_first_response_to_the_removal_of_him_from_the_post_of_Rajya_Sabha_Deputy_Leader.jpg"
keywords: []
---

# 'നിശബ്ദനാക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല'; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ

> **Lead Summary:** ദില്ലി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് രാഘവ് ഛദ്ദ എംപി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ ആദ്യ പ്രതികരണം രേഖപ്പെടുത്തിയത്.

## Article Content

ദില്ലി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് രാഘവ് ഛദ്ദ എംപി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ ആദ്യ പ്രതികരണം രേഖപ്പെടുത്തിയത്.

തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചുവെങ്കിലും താൻ പരാജയപ്പെട്ടിട്ടില്ലെന്ന് ഛദ്ദ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ എക്കാലത്തും ശക്തമായി ഉയർത്തിയിട്ടുള്ള നേതാവാണ് താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്നെ നിശബ്ദനാക്കാൻ പാർട്ടി ശ്രമിക്കുന്നത് എന്തിനാണെന്നും എക്സിലെ പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു. ഛദ്ദയുടെ ഈ തുറന്ന പ്രതികരണത്തോടെ ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ കൂടുതൽ പരസ്യമായിരിക്കുകയാണ്.

ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയത്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. അതേസമയം കുറച്ച് വർഷങ്ങളായി രാഘവിന് ഭയമാണെന്ന് എഎപി മാധ്യമ വിഭാഗം ചുമതലയുള്ള അനുരാഗ് ദണ്ഡ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മോദിക്കെതിരെയും രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്കെതിരെയും പ്രതികരിക്കാൻ ഛദ്ദയ്ക്ക് ഭയമാണെന്നും അനുരാഗ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351328/raghav-chadhas-first-response-to-the-removal-of-him-from-the-post-of-rajya-sabha-deputy-leader)