---
title: "മാങ്കാവ് പ്രവാസി യുവാവിന്റെ മരണം കാറിടിച്ചല്ലെന്ന് പൊലീസ് സ്ഥിരീകരണം"
english_title: "Police confirm that the death of a young expatriate in Mangalore was not caused by a car accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351239/police-confirm-that-the-death-of-a-young-expatriate-in-mangalore-was-not-caused-by-a-car-accident"
published_at: "2026-04-03T09:33:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3cdb1125e_WERWER.jpg"
keywords: []
---

# മാങ്കാവ് പ്രവാസി യുവാവിന്റെ മരണം കാറിടിച്ചല്ലെന്ന് പൊലീസ് സ്ഥിരീകരണം

> **Lead Summary:** കോഴിക്കോട്: മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിന് സമീപം പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്. ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനങ്ങൾ തെറ്റാണെന്നും, ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരിശോധനയിൽ വ്യക്തമായി.

## Article Content

കോഴിക്കോട്: മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിന് സമീപം പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്. ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനങ്ങൾ തെറ്റാണെന്നും, ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് പയ്യാനക്കൽ ചക്കുംകടവ് സ്വദേശിയായ നസീറ മൻസിൽ ജെയ്സൽ (40) അപകടത്തിൽപ്പെട്ടത്. 20 ദിവസം മുൻപ് മാത്രം നാട്ടിലെത്തിയ ജെയ്സൽ, നഗരത്തിൽ നിന്നും മാങ്കാവ് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യഘട്ടത്തിൽ ദൃക്സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഒരു കാർ ബൈക്കിലിടിക്കുകയും തുടർന്ന് ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയുമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാൽ കസബ പൊലീസിന്റെ അന്വേഷണത്തിൽ  ജെയ്സലിന്റെ ബൈക്കിൽ മറ്റൊരു വാഹനം തട്ടിയതിന്റെ അടയാളങ്ങളോ പോറലുകളോ കണ്ടെത്താനായില്ല. ഇതോടെയാണ് കാറിടിച്ചെന്ന വാദത്തിൽ പൊലീസിന് സംശയം തോന്നിയത്.

പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ, ജെയ്സൽ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വയം നിയന്ത്രണം വിട്ട് മറിയുന്നതായാണ് കണ്ടത്. ബൈക്കിന് ഏകദേശം 300 മീറ്റർ പിന്നിലായി വരികയായിരുന്ന കാർ, അപകടം കണ്ടയുടനെ നിർത്തുകയും പരിക്കേറ്റ ജെയ്സലിനെ ഉടൻ തന്നെ ബീച്ച് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയുമായിരുന്നു. അപകടമുണ്ടാക്കിയത് പിന്നാലെ വന്ന കാറല്ലെന്നും, മറിച്ച് അപകടത്തിൽപ്പെട്ട യുവാവിനെ സഹായിക്കാനാണ് കാർ യാത്രക്കാർ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് കൂടുതൽ നടപടികൾ പൂർത്തിയാക്കി വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351239/police-confirm-that-the-death-of-a-young-expatriate-in-mangalore-was-not-caused-by-a-car-accident)