---
title: "നൂർബിനയ്ക്ക് അർഹമായ പരിഗണന നൽകി, ഫാത്തിമ തഹ്ലിയ അർഹതയുള്ള സ്ഥാനാർത്ഥി"
english_title: ""Noorbina was given due consideration, Fatima Tahliya is a deserving candidate": Sadiqali Thangal responds to Noorbina Rasheed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351183/noorbina-was-given-due-consideration-fatima-tahliya-is-a-deserving-candidate-sadiqali-thangal-responds-to-noorbina-rasheed"
published_at: "2026-04-02T17:07:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce556825ab0_RHYFTG.jpg"
keywords: []
---

# നൂർബിനയ്ക്ക് അർഹമായ പരിഗണന നൽകി, ഫാത്തിമ തഹ്ലിയ അർഹതയുള്ള സ്ഥാനാർത്ഥി

> **Lead Summary:** **കോഴിക്കോട്**: **[**സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചുവെന്നാരോപിച്ച് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. നൂർബിന റഷീദിന് പാർട്ടിയിൽ എല്ലാ പരിഗണനകളും നൽകിയിട്ടുണ്ടെന്നും മുൻപ് ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്തിൽ അവർക്ക് സീറ്റ് നൽകിയിരുന്നതായും തങ്ങൾ ഓർമ്മിപ്പിച്ചു. നൂർബിനയുടെ രാജിക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കോഴിക്കോട്**: **[**സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചുവെന്നാരോപിച്ച് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. നൂർബിന റഷീദിന് പാർട്ടിയിൽ എല്ലാ പരിഗണനകളും നൽകിയിട്ടുണ്ടെന്നും മുൻപ് ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്തിൽ അവർക്ക് സീറ്റ് നൽകിയിരുന്നതായും തങ്ങൾ ഓർമ്മിപ്പിച്ചു. നൂർബിനയുടെ രാജിക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിതയിലും എം.എസ്.എഫിലും പ്രവർത്തിച്ച് പരിചയമുള്ള ഫാത്തിമ തഹ്ലിയ അർഹതപ്പെട്ട സ്ഥാനാർത്ഥിയാണെന്നും എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും തങ്ങൾ പറഞ്ഞു. എന്നാൽ, ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് നൂർബിന റഷീദ് ഉന്നയിച്ചത്. ഫാത്തിമയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയിരുന്നതാണെന്നും സമ്മർദ്ദതന്ത്രങ്ങളിലൂടെയാണ് ഇവർ സീറ്റ് നേടിയതെന്നുമാണ് നൂർബിനയുടെ ആക്ഷേപം. മുൻപ് ഉന്നയിച്ച ഗൗരവകരമായ ലൈംഗികാരോപണ കേസ് പിൻവലിച്ചതിനെ ചോദ്യം ചെയ്ത നൂർബിന, പുതിയ തലമുറയുടെ ഇത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാവില്ലെന്നും തുറന്നടിച്ചു.

സീറ്റ് ലഭിക്കാത്തതിലല്ല, മറിച്ച് താൻ കല്ലും മുള്ളും താണ്ടി കെട്ടിപ്പടുത്ത വനിതാ ലീഗിന്റെ അന്തസ്സിനും ആദർശത്തിനും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് നൂർബിന റഷീദ് വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഏൽപ്പിച്ച ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കിയെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കല്ല, നിലപാടുകൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗിനുള്ളിലെ ഭിന്നതകൾ പരസ്യമായതോടെ വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351183/noorbina-was-given-due-consideration-fatima-tahliya-is-a-deserving-candidate-sadiqali-thangal-responds-to-noorbina-rasheed)