---
title: "'സമ്പൂർണ്ണ സസ്യാഹാര നഗരമാകാൻ ഹരിദ്വാർ'; മാംസ-മുട്ട വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം"
english_title: "'Haridwar to become a completely vegetarian city'; Move to ban sale of meat and eggs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351182/haridwar-to-become-a-completely-vegetarian-city-move-to-ban-sale-of-meat-and-eggs"
published_at: "2026-04-02T17:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce5466562bc_Move_to_ban_sale_of_meat_and_eggs.jpg"
keywords: []
---

# 'സമ്പൂർണ്ണ സസ്യാഹാര നഗരമാകാൻ ഹരിദ്വാർ'; മാംസ-മുട്ട വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം

> **Lead Summary:** ഹരിദ്വാർ: കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി, മുട്ട വിൽപ്പനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ നീക്കം. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മേയർ കിരൺ ജയ്‌സാൽ വ്യക്തമാക്കി.

## Article Content

ഹരിദ്വാർ: കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി, മുട്ട വിൽപ്പനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ നീക്കം. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മേയർ കിരൺ ജയ്‌സാൽ വ്യക്തമാക്കി.

പദ്ധതി നടപ്പിലായാൽ ഹരിദ്വാർ നഗരസഭാ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും കശാപ്പുശാലകളും അടച്ചുപൂട്ടേണ്ടി വരും. ഇതോടെ നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാംസാഹാരവും മുട്ടയും ലഭിക്കാത്ത സാഹചര്യം സംജാതമാകും. കുംഭമേളയോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ ആലോചന.

അടുത്ത വർഷം ആദ്യം നടക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തെ മേഖലകളായി തിരിച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുകയാണ് ലക്ഷ്യം. നഗരത്തിലെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ മതപരമായ വികാരങ്ങൾ മാനിച്ചാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും ആലോചനയിലുണ്ട്.

തീരുമാനത്തിനെതിരെ ഒരു വിഭാഗം വ്യാപാരികൾ രംഗത്തെത്തി. തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന, തീരുമാനം പൊടുന്നനെ അടിച്ചേൽപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. മുട്ട, മാസം നിരോധനത്തിന് പുറമെ, നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഗംഗാ നദിയുടെ തീരങ്ങൾ ശുചീകരിക്കാനുമുള്ള വിപുലമായ പദ്ധതികളും കോർപ്പറേഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ഹരിദ്വാറിനെ ഒരു പൂർണ്ണ സസ്യാഹാര നഗരമായി നിലനിർത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ ദീർഘകാല നയത്തിന്റെ ഭാഗം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351182/haridwar-to-become-a-completely-vegetarian-city-move-to-ban-sale-of-meat-and-eggs)