---
title: "മുൻ മേയറുടെ ഭാര്യയും മകളും മരിച്ച സംഭവം; ദുരൂഹത നീക്കി റിസിൻ സാന്നിധ്യം,  അന്വേഷണം ഊർജിതം"
english_title: "Former mayor's wife and daughter die in Italy; Ricin presence clears mystery, investigation intensifies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351177/former-mayors-wife-and-daughter-die-in-italy-ricin-presence-clears-mystery-investigation-intensifies"
published_at: "2026-04-02T16:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce50f31ca93_Ricin_presence_clears_mystery,_investigation_intensifies.jpg"
keywords: []
---

# മുൻ മേയറുടെ ഭാര്യയും മകളും മരിച്ച സംഭവം; ദുരൂഹത നീക്കി റിസിൻ സാന്നിധ്യം,  അന്വേഷണം ഊർജിതം

> **Lead Summary:** പീട്രാകാറ്റെല്ല: ഇറ്റലിയിലെ പീട്രാകാറ്റെല്ല നഗരത്തിൽ മുൻ മേയറുടെ ഭാര്യയും മകളും മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. ക്രിസ്തുമസ് വിരുന്നിന് പിന്നാലെയുണ്ടായ മരണകാരണം 'റിസിൻ' എന്ന മാരക വിഷാംശമാണെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

പീട്രാകാറ്റെല്ല: ഇറ്റലിയിലെ പീട്രാകാറ്റെല്ല നഗരത്തിൽ മുൻ മേയറുടെ ഭാര്യയും മകളും മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. ക്രിസ്തുമസ് വിരുന്നിന് പിന്നാലെയുണ്ടായ മരണകാരണം 'റിസിൻ' എന്ന മാരക വിഷാംശമാണെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

മുൻ മേയറുടെ ഭാര്യ ആന്റൊണെല്ലാ ഡി ജെൽസി, മകൾ സാറ ഡി വിറ്റ എന്നിവരാണ് മരിച്ചത്. ഡിസംബർ 23-ന് നടന്ന ക്രിസ്തുമസ് വിരുന്നിനിടെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടക്കത്തിൽ കൂണിൽ നിന്നോ മത്സ്യത്തിൽ നിന്നോ ഏറ്റ ഗുരുതരമായ ഭക്ഷ്യവിഷബാധയാണെന്ന് കരുതി ഇവർക്ക് ചികിത്സ നൽകി ആശുപത്രിയിൽ നിന്നും വിട്ടയച്ചിരുന്നു. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് വിഷപ്രയോഗം നടന്നതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ ദുരൂഹത ഏറിയതോടെ കൊലപാതക കുറ്റം ചുമത്തി പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു.

എന്നാൽ ഡിസംബർ 24ഓടെ ഇരുവരുടേയും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ 50കാരിയായ അമ്മയും 15കാരിയായ മകളും മരണപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനുമായിരുന്നില്ല. ഇതിന് ശേഷം സ്വിറ്റ്സർലണ്ടിലും ഇറ്റലിയിലുമായി നടത്തിയ തുടർ പരിശോധനയിലാണ് ഇരുവരുടേയും രക്തത്തിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ആവണക്കിന്റെ കായയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റിസിൻ എന്ന മാരക വിഷ വസ്തുവാണ് ഇരുവരുടേയും മരണത്തിന് കാരണമായത്. പിന്നാലെയാണ് സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവർക്കൊപ്പം മുൻ മേയറായ ജിയാനി ഡി വിറ്റയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ചികിത്സയിലൂടെ 55കാരന് പൂർണമായി സുഖപ്പെട്ടിരുന്നു. ദമ്പതികളുടെ 19കാരിയായ മകൾ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ 19കാരിക്കും വിഷബാധയേറ്റിരുന്നില്ല. പീട്രാകാറ്റെല്ലയുടെ മുൻ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവും ട്രഷററുമാണ് ജിയാനി ഡി വിറ്റ. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മരണപ്പെട്ടവർക്കെതിരെ എതിർപ്പുകളുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളാണ് നിലവിൽ അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടത്തിലെ വീഴ്ചയുടെ പേരിൽ അഞ്ച് ആരോഗ്യ വിദഗ്ധർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 70 കിലോ ഭാരമുള്ള മനുഷ്യനെ അപായപ്പെടുത്താൻ 14 മില്ലിഗ്രാം റിസിൻ മാത്രമാണ് വേണ്ടി വരുന്നതെന്നാണ് ഫാർമ വിദഗ്ധർ വിശദമാക്കുന്നത്. പരിസ്ഥിതിയിലുള്ള ഏറ്റവും മാരകമായ വിഷങ്ങളിലൊന്നാണ് റിസിൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351177/former-mayors-wife-and-daughter-die-in-italy-ricin-presence-clears-mystery-investigation-intensifies)