---
title: "പ്രൊഫസറുമായി ബന്ധമുണ്ടെന്ന സഹപാഠികളുടെ പ്രചരണം; ബി.എ.എം.എസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു"
english_title: "22-year-old medical student commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351167/22-year-old-medical-student-commits-suicide"
published_at: "2026-04-02T16:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce48051bf09_22.jpg"
keywords: []
---

# പ്രൊഫസറുമായി ബന്ധമുണ്ടെന്ന സഹപാഠികളുടെ പ്രചരണം; ബി.എ.എം.എസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

> **Lead Summary:** **ബെംഗളൂരു:[ **സഹപാഠികളുടെ നിരന്തരമായ പരിഹാസത്തിലും അപവാദ പ്രചരണത്തിലും മനംനൊന്ത് കർണാടകയിലെ മല്ലടിഹള്ളിയിൽ ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

## Article Content

**ബെംഗളൂരു:[ **സഹപാഠികളുടെ നിരന്തരമായ പരിഹാസത്തിലും അപവാദ പ്രചരണത്തിലും മനംനൊന്ത് കർണാടകയിലെ മല്ലടിഹള്ളിയിൽ ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

മല്ലടിഹള്ളി രാഘവേന്ദ്ര ആയുർവേദ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചത്. കോളേജിലെ പ്രൊഫസറുമായി വിദ്യാർത്ഥിനിക്ക് പ്രണയബന്ധമുണ്ടെന്ന തരത്തിൽ ചില സഹപാഠികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതാണ് പെൺകുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്.

മകളുടെ മരണത്തിന് ഉത്തരവാദികൾ സഹപാഠികളാണെന്ന് ആരോപിച്ച് പിതാവ് ഉമാശങ്കർ പോലീസിൽ പരാതി നൽകി. അധ്യാപകനുമായി വിദ്യാർത്ഥിനി പുലർത്തിയിരുന്ന സുഹൃദ്ബന്ധത്തെ മോശമായ രീതിയിൽ ചിത്രീകരിച്ച് സഹപാഠികൾ പരിഹസിച്ചിരുന്നതായും ഇത് മകൾക്ക് വലിയ മാനസിക വേദനയുണ്ടാക്കിയതായും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. താൻ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി വിശദമായി എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അപവാദ പ്രചരണങ്ങൾ പെൺകുട്ടിയുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും ബാധിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ്, വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ സഹപാഠികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351167/22-year-old-medical-student-commits-suicide)