---
title: "വിഷുക്കണി പോലെ മധുരം; ഇതാ നാടൻ 'വിഷുക്കട്ട' തയ്യാറാക്കാം!"
english_title: "Sweet as Vishu Kani; Here's how to prepare the traditional 'Vishukatta'!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351154/sweet-as-vishu-kani-heres-how-to-prepare-the-traditional-vishukatta"
published_at: "2026-04-02T15:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce3bc7549ea_RFE.jpg"
keywords: []
---

# വിഷുക്കണി പോലെ മധുരം; ഇതാ നാടൻ 'വിഷുക്കട്ട' തയ്യാറാക്കാം!

> **Lead Summary:** മലയാളികളുടെ വിഷുക്കാലത്തെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് വിഷുക്കട്ട. പച്ചരിയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഈ വിഭവം ശർക്കരപ്പാനികൂട്ടി കഴിക്കാൻ കേമമാണ് .

## Article Content

മലയാളികളുടെ വിഷുക്കാലത്തെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് വിഷുക്കട്ട. പച്ചരിയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഈ വിഭവം ശർക്കരപ്പാനികൂട്ടി കഴിക്കാൻ കേമമാണ് .

**ആവശ്യമായ ചേരുവകൾ**

*പച്ചരി: 2 കപ്പ്*

*രണ്ടാം പാൽ (തേങ്ങാപ്പാൽ): 4 മുതൽ 5 കപ്പ് വരെ*

*ഒന്നാം പാൽ (കട്ടിപ്പാൽ): 1 കപ്പ്*

*ജീരകം: 1 ടീസ്പൂൺ*

*ചുക്കുപൊടി: അര ടീസ്പൂൺ (വേണമെങ്കിൽ മാത്രം)*

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം**

പച്ചരി നന്നായി കഴുകി വെള്ളം വാർത്തെടുക്കുക. ഒരു വലിയ പാത്രത്തിൽ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർക്കുക.ഇടയ്ക്കിടെ ഇളക്കി കൊടുക്കണം, ഇല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. അരി നന്നായി വെന്ത് ഉടയുന്ന പരുവമാകണം. അരി നന്നായി വെന്ത് പാൽ വറ്റി വരുമ്പോൾ, ഇതിലേക്ക് ഒന്നാം പാലും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് ജീരകം കൈവെള്ളയിലിട്ട് ഒന്ന് തിരുമ്മി ചേർക്കുക.

ചുക്കുപൊടി ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം. ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ തീ അണയ്ക്കാം. ചൂടോടെ തന്നെ നെയ്യ് പുരട്ടിയ ഒരു പരന്ന പാത്രത്തിലേക്ക് ഇത് പകരുക. മുകൾഭാഗം സ്പൂൺ ഉപയോഗിച്ച് നിരപ്പാക്കുക. നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ കഷ്ണങ്ങളായി മുറിച്ചെടുക്കാം. വിഷുക്കട്ട തയ്യാർ! ഇത് പാനിയോടൊപ്പമോ (ശർക്കര ഉരുക്കിയത്) അല്ലാതെയോ കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351154/sweet-as-vishu-kani-heres-how-to-prepare-the-traditional-vishukatta)