---
title: "ജാർഖണ്ഡിൽ മന്ത്രവാദിയുടെ വാക്ക് കേട്ട് മകളെ കുരുതി കൊടുത്തു; തല തകർത്ത് രക്തം ശേഖരിച്ചു, അമ്മയുടെ കൊടുംക്രൂരത, പൊലീസ് കേസെടുത്തു"
english_title: "Police register case of mother's brutality by breaking her head and collecting blood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351106/Police-register-case-of-mother's-brutality-by-breaking-her-head-and-collecting-blood"
published_at: "2026-04-02T12:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce17eb01264_Police_register_case_of_mothers_brutality_by_breaking_her_head_and_collecting_blood.jpg"
keywords: []
---

# ജാർഖണ്ഡിൽ മന്ത്രവാദിയുടെ വാക്ക് കേട്ട് മകളെ കുരുതി കൊടുത്തു; തല തകർത്ത് രക്തം ശേഖരിച്ചു, അമ്മയുടെ കൊടുംക്രൂരത, പൊലീസ് കേസെടുത്തു

> **Lead Summary:** ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗിൽ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ അമ്മ ക്രൂരമായി കൊലപ്പെടുത്തി. മകന്റെ വിട്ടുമാറാത്ത അസുഖം ഭേദമാക്കാൻ മന്ത്രവാദത്തിന്റെ ഭാഗമായി പെൺകുട്ടിയെ ബലി നൽകുകയായിരുന്നു. പെൺകുട്ടിയുടെ തല തകർത്ത ശേഷം രക്തം ശേഖരിച്ച് മന്ത്രവാദ ക്രിയകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

## Article Content

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗിൽ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ അമ്മ ക്രൂരമായി കൊലപ്പെടുത്തി. മകന്റെ വിട്ടുമാറാത്ത അസുഖം ഭേദമാക്കാൻ മന്ത്രവാദത്തിന്റെ ഭാഗമായി പെൺകുട്ടിയെ ബലി നൽകുകയായിരുന്നു. പെൺകുട്ടിയുടെ തല തകർത്ത ശേഷം രക്തം ശേഖരിച്ച് മന്ത്രവാദ ക്രിയകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മകൻ ദീർഘകാലമായി അസുഖബാധിതനായിരുന്നു. ചികിത്സ നടത്തിയിട്ടും ഫലം കാണാത്തതിനെത്തുടർന്ന് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് 'നരബലി' നടത്തിയത്. സ്വന്തം മകളെത്തന്നെ ബലി നൽകിയാൽ മകന്റെ അസുഖം മാറുമെന്ന് വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയത്.

പെൺകുട്ടിയുടെ തല ഭാരമുള്ള വസ്തു ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. മന്ത്രവാദ ക്രിയകൾക്കായി കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം ശേഖരിച്ചതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടതിനെത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചത്.

ഇവർക്ക് സഹായം നൽകിയ മന്ത്രവാദിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പുരോഗമന സമൂഹത്തിന് നാണക്കേടായി മാറുന്ന ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351106/Police-register-case-of-mother's-brutality-by-breaking-her-head-and-collecting-blood)