---
title: "ഇന്തോനേഷ്യയെ നടുക്കി അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത, ഒരാൾ മരിച്ചു"
english_title: "Powerful earthquake shakes Indonesia; 7.4 magnitude on Richter scale, one dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351047/powerful-earthquake-shakes-indonesia-74-magnitude-on-richter-scale-one-dead"
published_at: "2026-04-02T09:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cde94ced1a0_7.jpg"
keywords: []
---

# ഇന്തോനേഷ്യയെ നടുക്കി അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത, ഒരാൾ മരിച്ചു

> **Lead Summary:** ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

## Article Content

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിൽ ഒരാൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഫിലീപ്പീൻസ് തീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്കും മലേഷ്യയിലെ സബയിൽനിന്ന് 1000 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ബിതുങ്, ടെർനേറ്റ് നഗരങ്ങളിൽ 10 മുതൽ 20 സെക്കൻഡ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇന്തോനേഷ്യ ദേശീയ ദുരന്ത ഏജൻസി ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി.

പ്രഭവകേന്ദ്രത്തിന്റെ 1000 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകി. ഗുവാം, ജപ്പാൻ, മലേഷ്യ, പാ​പ്പുവ ന്യൂ ഗിനിയ, ഫിലീപ്പീൻസ്, തായ്വാൻ എന്നിവിടങ്ങളിലാണ് സുനാമി മുന്നയിപ്പുള്ളത്. ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പ് ഇല്ല.

ഭൂചലനത്തിന്റെ ആഘാതത്തിൽ വടക്കൻ സുമാത്രയിലെയും സമീപ ദ്വീപുകളിലെയും ചില കെട്ടിടങ്ങൾക്ക് വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും നടക്കുന്ന റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാൽ പ്രകൃതിക്ഷോഭങ്ങൾ ഇവിടെ പതിവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351047/powerful-earthquake-shakes-indonesia-74-magnitude-on-richter-scale-one-dead)