---
title: "'രാഷ്ട്രീയ എതിർപ്പ് ആവാം, വിദ്വേഷം പാടില്ല'; രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്"
english_title: "LDF candidate NMR Razak expresses solidarity with Ramesh Pisharody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351034/ldf-candidate-nmr-razak-expresses-solidarity-with-ramesh-pisharody"
published_at: "2026-04-02T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdcc7ae4166_rasaq.jpg"
keywords: []
---

# 'രാഷ്ട്രീയ എതിർപ്പ് ആവാം, വിദ്വേഷം പാടില്ല'; രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്

> **Lead Summary:** പാലക്കാട്: വോട്ട് ചോദിച്ചെത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു.

## Article Content

പാലക്കാട്: വോട്ട് ചോദിച്ചെത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു.

ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോജിപ്പുമൊക്കെ കാണും. അതൊന്നും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ അല്ലെന്നാണ് ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.

പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ വച്ചാണ് ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്.

ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ താൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു. ബി ജെ പി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി ജെ പി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351034/ldf-candidate-nmr-razak-expresses-solidarity-with-ramesh-pisharody)