---
title: "പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം"
english_title: "Hotel owner in Perumbavoor commits suicide financial burden suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351025/hotel-owner-in-perumbavoor-commits-suicide-financial-burden-suspected"
published_at: "2026-04-01T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd51d4f2cbf_suicide.jpg"
keywords: []
---

# പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

> **Lead Summary:** കൊച്ചി: പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ നിലയിൽ. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം കെ.കെ.രാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു.

## Article Content

കൊച്ചി: പെരുമ്പാവൂരിൽ ഹോട്ടൽ ഉടമ ജീവനൊടുക്കിയ നിലയിൽ. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം കെ.കെ.രാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു.

ഛായാഗ്രാഹക സഹായിയായിരുന്ന മകൾ കെ.ആർ.കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച് മരിച്ച് ഒരു വർഷത്തിനിടെയാണ് പിതാവും മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു സൂചനകള്‍. 2 സിനിമകളുടെ നിർമാണത്തിൽ പങ്കാളിയും ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് രാജൻ.

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഗിന്നസ് എന്ന പേരിൽ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകൾ നടത്തിയിരുന്നു രാജന്റെ കുടുംബം. പെരുമ്പാവൂരിലേയും കുറുപ്പംപടിയിലേയും സ്റ്റുഡിയോകൾ പിന്നീട് നിർത്തി. അതിനു ശേഷമാണ് ഈ വർഷം ജനുവരിയിൽ പുതിയ ബിസിനസ് എന്ന നിലയിൽ കാക്കനാട് ഹോട്ടൽ ആരംഭിച്ചത്. എന്നാൽ പാചകവാതക പ്രതിസന്ധി മൂലം അടുത്തിടെയായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു.

ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു രാജൻ. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടൽ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാജനെ വീട്ടുകാർ കാണുന്നത്.

2024 ഡിസംബർ അവസാന വാരത്തിലാണ് കൃഷ്ണ അന്തരിച്ചത്. ഒരു തെലുങ്കു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കശ്മീരിലെ ശ്രീനഗറിൽ എത്തിയതായിരുന്നു കൃഷ്ണ ഉൾ‍പ്പെടുന്ന സംഘം. എന്നാൽ ഇവിടെ വച്ച് കൃഷ്ണയ്ക്ക് ശ്വാസകോശത്തിൽ‍ അണുബാധയുണ്ടായി.

അസുഖം മൂർച്ഛിച്ച കൃഷ്ണയെ ശ്രീനഗര്‍ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരൻ ഉണ്ണിയും ശ്രീനഗറിലെത്തിയിരുന്നു. വാർഡിലേക്ക് മാറ്റാനിരിക്കെ, പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കൃഷ്ണ അന്തരിച്ചു. പ്രശസ്തരായ ഒട്ടേറെ ഛായാഗ്രാഹകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. രാജന്റെ സംസ്കാരം നടത്തി. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല സെൻട്രല്‍ യൂണിറ്റ് അംഗമാണ് രാജൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351025/hotel-owner-in-perumbavoor-commits-suicide-financial-burden-suspected)