---
title: "അറേബ്യൻ മധുരത്തിന്റെ റാണിയായ 'കുനാഫ' ഇനി വീട്ടിലും; എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to prepare Kunafa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350987/how-to-prepare-kunafa"
published_at: "2026-04-01T16:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccf4b109e9c_200.jpg"
keywords: []
---

# അറേബ്യൻ മധുരത്തിന്റെ റാണിയായ 'കുനാഫ' ഇനി വീട്ടിലും; എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** അറേബ്യൻ മധുരപലഹാരങ്ങളിൽ ഇന്ന് ഏറെ പ്രിയപ്പെട്ട ഒന്നാണല്ലോ കുനാഫ. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി താഴെ നൽകുന്നു.

## Article Content

അറേബ്യൻ മധുരപലഹാരങ്ങളിൽ ഇന്ന് ഏറെ പ്രിയപ്പെട്ട ഒന്നാണല്ലോ കുനാഫ. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ**

*കുനാഫ ഡൗ  - 250 ഗ്രാം*

*ഉരുക്കിയ വെണ്ണ - 100 ഗ്രാം*

*ഓറഞ്ച് ഫുഡ് കളർ - ഒരു നുള്ള് *

*പാൽ - 2 കപ്പ്*

*കോൺഫ്ലവർ - 3 ടേബിൾസ്പൂൺ*

*ഫ്രഷ് ക്രീം - 1/2 കപ്പ്*

*മൊസറെല്ല ചീസ്- 1 കപ്പ് *

*പഞ്ചസാര - 2 ടേബിൾസ്പൂൺ*

*പഞ്ചസാര - 1 കപ്പ്*

*വെള്ളം - 1/2 കപ്പ്*

*നാരങ്ങാനീര് - 1 ടീസ്പൂൺ*

*റോസ് വാട്ടർ - 1 ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. നൂൽ പരുവമാകുന്നതിന് മുൻപ് നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് വാങ്ങി വെക്കുക. ഇത് തണുക്കാൻ അനുവദിക്കണം. കുനാഫ ഡൗ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ വെണ്ണയും ഫുഡ് കളറും ചേർത്ത് നന്നായി കൈകൊണ്ട് യോജിപ്പിക്കുക.

ഒരു പാത്രത്തിൽ പാലും കോൺഫ്ലവറും പഞ്ചസാരയും ചേർത്ത് കട്ടകെട്ടാതെ യോജിപ്പിക്കുക. ഇത് അടുപ്പത്ത് വെച്ച് കുറുക്കിയെടുക്കുക. നന്നായി കുറുകി വരുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് ഇളക്കി വാങ്ങി വെക്കുക.

ഒരു ബേക്കിംഗ് ട്രേയിലോ അല്ലെങ്കിൽ അടപ്പുള്ള ഫ്രയിംഗ് പാനിലോ അല്പം വെണ്ണ തടവുക. തയ്യാറാക്കി വെച്ച കുനാഫ മിശ്രിതത്തിന്റെ പകുതി ഇതിൽ നിരത്തി നന്നായി അമർത്തുക. ഇതിനു മുകളിലായി തയ്യാറാക്കിയ പാല് മിശ്രിതം (ക്രീം) ഒഴിക്കുക. വശങ്ങളിലേക്ക് അധികം എത്താതിരിക്കാൻ ശ്രദ്ധിക്കണം.

ഇതിനു മുകളിൽ മൊസറെല്ല ചീസ് വിതറാം. ബാക്കിയുള്ള കുനാഫ മിശ്രിതം കൊണ്ട് ഇത് പൂർണ്ണമായും മൂടുക. തീ വളരെ കുറച്ചു വെച്ച് പാൻ അടുപ്പത്ത് വെക്കുക. ഒരു വശം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ സാവധാനം മറിച്ചിട്ട് അടുത്ത വശവും വേവിച്ചെടുക്കുക.

കുനാഫ ചൂടോടെ ഇരിക്കുമ്പോൾ തന്നെ അതിനു മുകളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തണുത്ത ഷുഗർ സിറപ്പ് ഒഴിക്കുക. മുകളിൽ പിസ്തയോ മറ്റ് നട്സോ ഉപയോഗിച്ച് അലങ്കരിക്കാം. മൃദുവായ ക്രീമും മൊരിഞ്ഞ പുറംഭാഗവുമുള്ള രുചികരമായ കുനാഫ തയ്യാർ! പഞ്ചസാരയുടെ അളവ് നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350987/how-to-prepare-kunafa)